ആലക്കോട്: കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ ഉളിക്കല്‍, പയ്യാവൂര്‍, നടുവില്‍, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള കര്‍ഷക ജനസമൂഹം വന്യമൃഗങ്ങളുടെ ശല്യം സഹിച്ചു കൊണ്ടുള്ള ദുരിത ജീവിതം നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.ഇപ്പോള്‍ കാട്ടാനയുടെ ശല്യം കൂടിവരികയാണ്. മലയോര കര്‍ഷകരുടെ കൃഷിയിടങ്ങളിലെ വിളകള്‍ നശിപ്പിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് വീട്ടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്‌ഥയുണ്ടായിട്ടും വനംവകുപ്പ് ഉദ്യോഗരുടെ ഭാഗത്തു നിന്നും അവഗണനയാണുണ്ടായി കൊണ്ടിരിക്കുന്നതെന്നും നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ. സജീവ് ജോസഫ് പറഞ്ഞു. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ അപ്പര്‍ ചീക്കാട് പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ കാട്ടാനശല്യം ഉണ്ടായി.
ജനങ്ങള്‍ക്ക് പുറത്തിറങ്ങാനും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും, കര്‍ഷകര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യാനും സാധിക്കാതെ ആശങ്കാജനകമായ സാഹചര്യമാണ് ഇവിടെ നിലനില്‌ക്കുന്നതെങ്കിലും ഗൗരവമായി കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലന്ന് എം.എല്‍.എ. അറിയിച്ചു. പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഫെന്‍സിങ് പദ്ധതി നടപ്പിലാക്കാതെ വനംവകുപ്പ് നീട്ടികൊണ്ടു പോകുന്നത് പ്രതിഷേധാര്‍ഹമാണന്നും അദ്ദേഹം പറഞ്ഞു. ഫെന്‍സിങ് പൂര്‍ത്തിയായ പ്രദേശങ്ങളില്‍ അത് സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനു സര്‍ക്കാരും വനംവകുപ്പും പഞ്ചായത്തുകളും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ഫെന്‍സിങ് നടത്തിയാല്‍ മാത്രമേ കാട്ടാനശല്യം തടയാന്‍ കഴിയൂവെന്നു എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഉദയഗിരി പഞ്ചായത്തിലെ ചീക്കാട് ഭാഗത്ത് ഫെന്‍സിങ്ങ് നിര്‍മിക്കുന്നതിന് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ട് രണ്ടു വര്‍ഷമായിട്ടും അത് ഉപയോഗിച്ച് നിര്‍മാണം നടത്താന്‍ അധികൃതര്‍ വൈകുന്നതില്‍ അതിയായ വേദനയുണ്ടന്നും പാവപ്പെട്ട ജനങ്ങള്‍ അവരുടെ പരാതിയുമായി സമീപിക്കുമ്ബോള്‍ എന്തു പറയണമെന്നറിയാത്ത അവസ്‌ഥയാണന്നു് അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്താന്‍ ആവശ്യത്തിന് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെ വിന്യസിക്കാനും പ്രദേശങ്ങളിലുള്ള വനംവകുപ്പിന്റെ ഓഫീസുകളുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കൂകയും വന്യമൃഗം ശല്യം ഉണ്ടാകുന്ന പ്രദേശത്ത് വനപാലകരുടെ ഇടപെടലുകള്‍ ഉറപ്പുവരുത്തി ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റന്‍ നടപടി സ്വീകരിക്കണമെന്നും വന്യമൃഗങ്ങള്‍ ധാരാളമായി ഇറങ്ങുന്ന പ്രദേശങ്ങളില്‍ ലൈറ്റുകള്‍ സ്‌ഥാപിക്കണമെന്നും, ഇരിക്കൂര്‍ എം.എല്‍.എ. അഡ്വ. സജീവ് ജോസഫ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Post a Comment