മറ്റൊരാള്‍ക്ക് ഹാനികരമായി ഉപയോഗിച്ചാല്‍ ബൈക്കും മാരകായുധം : ഹൈക്കോടതി


കൊച്ചി: മറ്റൊരാളെ കൊലപ്പെടുത്താനോ പരിക്കേല്‍പിക്കാനോ ഉപയോഗിക്കുന്നപക്ഷം മോട്ടോർ ബൈക്കും മാകായുധത്തിൻറെ പരിധിയില്‍വരുമെന്ന് ഹൈകോടതി.
ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന വസ്തു ഏതായാലും അത് മാരകായുധമാണ്. പ്രണയത്തെ എതിർത്തതിൻറെ പേരില്‍ പെണ്‍സുഹൃത്തിൻറെ പിതാവിനെ ബൈക്കിടിപ്പിച്ച്‌ കൊല്ലാൻ ശ്രമിച്ച കേസിലെ തടവുശിക്ഷ റദ്ദാക്കാൻ കൊല്ലം പന്മന സ്വദേശി മനോജ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ നിരീക്ഷണം. അതേസമയം, വിചാരണ കോടതി ഹരജിക്കാരന് വിധിച്ച ആറുമാസത്തെ സാധാരണ തടവുശിക്ഷ, കോടതി പിരിയുംവരെ മാത്രം തടവാക്കി ഇളവ് അനുവദിച്ചു.
2005 മേയ് 11ന് രാത്രി ഇടപ്പള്ളിക്കോട്ട ജങ്ഷൻ - പന്മന ആശ്രമം പബ്ലിക് റോഡിലൂടെ പോകുമ്ബോള്‍ ചവറ സ്വദേശിയെ ബൈക്കിടിപ്പിച്ച്‌ പരിക്കേല്‍പിച്ച കേസിലെ പ്രതിയാണ് ഹരജിക്കാരൻ. കീഴ്ചുണ്ടിന് മുറിവേറ്റ് ചികിത്സയിലായ ചവറ സ്വദേശി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തൻറെ മകളുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്തതിലെ പ്രകോപനത്തെതുടർന്നാണ് ബൈക്കിടിപ്പിച്ചതെന്നായിരുന്നു പരാതി. മാരകായുധങ്ങളുപയോഗിച്ച്‌ മുറിവേല്‍പിച്ചെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആറുമാസം സാധാരണ തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇത് ചോദ്യംചെയ്ത് അപ്പീല്‍ നല്‍കിയെങ്കിലും കൊല്ലം അഡീ. സെഷൻസ് മൂന്നാം കോടതി തള്ളി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post