രാജപുരത്തെ കള്ള തോക്ക് നിര്‍മ്മാണ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ : പിടിയിലായത് നായാട്ടുകാരായ സംഘം


ചെറുപുഴ:രാജപുരത്തെ കള്ളത്തോക്ക് നിർമ്മാണ കേസില്‍ രണ്ടുപേരെ കൂടി രാജപുരം സിഐ രാജേഷ് പി അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കള്ളാർ സ്വദേശിയായ സന്തോഷ് വിജയൻ (36), മൂന്നാം പ്രതിയായ പരപ്പ മുണ്ടത്തടത്തിലെ പി.ജെ.ഷാജി (55) എന്നിവരെയാണ് കഴിഞ്ഞ ദിവസം പരപ്പയില്‍ നിന്നും അറസ്റ്റുചെയ്തത്.
പ്രതികള്‍ രണ്ടുപേരും കർണാടകത്തിലേക്ക് കടക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്. സ്റ്റേഷനില്‍ ഹാജരാക്കിയ ഇവരെ ഒന്നാം പ്രതി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് കുമാർ സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.രണ്ടും മൂന്നും പ്രതികള്‍ക്ക് വേണ്ടിയാണ് ഒന്നാംപ്രതി തോക്ക് നിർമ്മിച്ചതെന്നും, കേസില്‍ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും സിഐ പറഞ്ഞു.
ഒന്നാം പ്രതിക്ക് വേണ്ടിയാണ് മൂന്നാമത്തെ തോക്ക് നിർമ്മിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ നായാട്ട് വിദഗ്ധരാണെന്നും, പല സംഘങ്ങളുടെയും കൂടെ ഇവർ നായാട്ടിന് പോയിട്ടുണ്ടെന്നുംസിഐ പറഞ്ഞു. തോക്ക് നിർമ്മാണത്തിനായി വീട് വാടകയ്ക്കെടുത്തത് രണ്ടാം പ്രതിയായ സന്തോഷാണ്.തോക്ക് നിർമ്മിക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങിയതും ഇയാളാണ്.കേസിലെ ഒന്നാം പ്രതിയായ അജിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ജുഡീഷ്യല്‍കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post