കാസർകോട്: കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയോരത്ത് മറിഞ്ഞ പാചകവാതക ടാങ്കറില്‍ ചോർച്ച. പ്രദേശത്തെ അരകിലോമീറ്റർ ചുറ്റളവിലുള്ള വീട്ടുകാരെ മുഴുവൻ ഒഴിപ്പിച്ചു.
മംഗളൂരുവില്‍ നിന്നു വിദഗ്ധരെത്തി ചോർച്ച അടയ്ക്കാൻ തുടങ്ങി. പൂർണമായും ചോർച്ച അടച്ചതിനുശേഷം പാചക വാതകം ഒന്നിലേറെ ടാങ്കറുകളിലേക്ക് മാറ്റാനാണ് തീരുമാനം.കണ്ണൂർ തളിപ്പറമ്ബ് കുപ്പത്ത് നിന്നു ഖലാസികളെത്തി ക്രെയിൻ ഉപയോഗിച്ച് ലോറിയെ പൂർവ സ്ഥിതിയിലാക്കാൻ ശ്രമിച്ചപ്പോഴാണ് ചോർച്ച കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്. മംഗളൂരുവില്‍ നിന്നു കോയമ്ബത്തൂരിലേക്കു പോകുകയായിരുന്ന ടിഎൻ 28 എജെ 3659 നമ്ബർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവെയാണ് നിയന്ത്രണം വിട്ടത്. അപകടത്തില്‍ ടാങ്കല്‍ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സുരേഷിന്റെ കാലിനു പരിക്കേറ്റു. 18 ടണ്‍ ഭാരമുള്ള ടാങ്കറാണ് മറിഞ്ഞത്.
ഹൊസ്ദുർഗ് പോലീസും കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയുമുള്‍പ്പെടെ സ്ഥലത്തുണ്ട്. കാഞ്ഞങ്ങാട് നിന്നു നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങളും നീലേശ്വരത്ത് നിന്നു കാഞ്ഞങ്ങാട്ടേക്കുള്ള വാഹനങ്ങളും വഴി തിരിച്ചുവിട്ടു. ദേശീയപാത വികസനത്തിന്റെ നിർമാണം നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. നീലേശ്വരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കിഴക്കുഭാഗത്തെ സർവീസ് റോഡിലൂടെയും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പടിഞ്ഞാറ് ഭാഗത്തുള്ള സർവീസ് റോഡിലൂടെയുമാണ് പോകുന്നത്.
Post a Comment