കൊല്ലം : ഷാർജയിലെ വിപഞ്ചികയുടെ മരണത്തില്‍ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയില്‍ കുണ്ടറ പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ ഈ കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് റൂറല്‍ എസ്പിക്ക് കൈമാറിയിരുന്നു. അതിൻ്റെ നടപടി അടക്കമുള്ള കാര്യങ്ങള്‍ അവർ പൂർത്തീകരിച്ചു വരികയാണ്. അതിനിടയിലാണ് ഇപ്പോള്‍ ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
ഷാർജയില്‍ അടക്കം വിവവരശേഖരണം നടത്തേണ്ടതുണ്ട്. കൂടുതല്‍ മൊഴി രേഖപ്പെടുത്തണം. ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ നടത്തും. ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും. ഫോറൻസിക് പരിശോധന അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാകും എന്നുള്ളതാണ് സംസ്ഥാന ക്രൈംബ്രാഞ്ചില്‍ നിന്ന് ലഭിക്കുന്ന വിവവരം.
വിപഞ്ചിയുടെ അമ്മ ഷാർജ കോടതിയെ സമീപിക്കാനായി ഷാർജയിലെത്തിയിട്ടുണ്ട്. ഷാർജ പോലീസിനടക്കം പരാതി നല്‍കാനാണ് നീക്കം. ക്രൈംബ്രാഞ്ച് മേധാവി പുതിയ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകള്‍ ഒന്നരവയസുള്ള വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. വൈഭവിയുടെ മൃതദേഹം നടപടികള്‍ പൂർത്തിയാക്കി ദുബൈയില്‍ തന്നെ സംസ്‌കരിച്ചിരുന്നു.
Post a Comment