കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ ജീവൻ പൊലിഞ്ഞ ലോറി ഡ്രൈവര്‍ അർജുന്‍റെ ഓർമകള്‍ക്ക് ഒരു വയസ്.
കഴിഞ്ഞ വർഷം ജൂലൈ 16ന് കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ(32)യും ലോറിയും കാണാതായത്.
മലയാളികള്‍ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവില്‍ അർജുന്‍റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയില്‍ നിന്ന് ലഭിച്ചു. അർജുൻ ജീവനോടെ തിരികെവരുമെന്ന പ്രതീക്ഷകള്‍ അന്ന് അസ്തമിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തെരച്ചില്‍ നടത്തിയിരുന്നത്.അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തെരച്ചില്‍ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. ഒടുവില്‍ അർജുന്‍റെ ലോറിയും മൃതദേഹവും പുഴയില്‍ നിന്ന് ലഭിച്ചു.
കരയില്‍ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പില്‍ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കര്‍ണാടക സര്‍ക്കാരും കേരള സര്‍ക്കാരും ഒരുമിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Post a Comment