കനത്ത കാറ്റിലും മഴയിലും ചെറുപുഴയില്‍ വ്യാപക നാശനഷ്‌ടം



ചെറുപുഴ: കനത്ത കാറ്റിലും മഴയിലും ചെറുപുഴയില്‍ നാശനഷ്‌ടം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.15 ഓടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് നാശനഷ്‌ടമുണ്ടായത്.ചെറുപുഴ ടൗണില്‍ ബ‌സ്‌സ്റ്റാൻഡിനു സമീപം ടാക്സി സ്റ്റാൻഡില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം കടപുഴകി വീണു. കാറിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല. കക്കറ സ്വദേശി നാരായണന്‍റേതായിരുന്നു കാർ. പരിസരത്ത് ആളുകളൊന്നും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

ചെറുപുഴ പഞ്ചായത്തിന്‍റെ ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്‍റെ മേല്‍ക്കൂരയുടെ അലൂമിനിയം ഷീറ്റുകള്‍ കാറ്റില്‍ തകർന്നു. ഷീറ്റുകള്‍ താഴേയ്ക്കു വീഴാതിരുന്നതിനാല്‍ അപകടം ഒഴിവായി. നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ബസ്‌സ്റ്റാൻഡിലെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനു പിന്നിലുള്ള തെങ്ങ് കടപുഴകി വീണു.

ചെറുപുഴ ബസ്‌സ്റ്റാൻഡില്‍ പോസ്റ്റ് ഓഫീസിനു മുന്നിലായി നിർത്തിയിട്ടിരുന്ന നിരവധി ബൈക്കുകള്‍ കാറ്റില്‍ മറിഞ്ഞു വീണു. ചെറുപുഴ സെന്‍റ് ജോസഫ്സ് സ്കൂളിനു സമീപത്തെ സി.എം. ബേബിയുടെ ഉടമസ്ഥതയിലുള്ള വീടിനു മുകളില്‍ അയല്‍വാസിയുടെ ഉണങ്ങിനിന്ന കൂറ്റൻ മരം പൊട്ടിവീണു. സമീപത്തെ പ്ലാവില്‍ തട്ടിയതിനാല്‍ പ്ലാവും ഒടിഞ്ഞുവീണു.

വീടിന്‍റെ ഷെയ്ഡുകള്‍ തകർന്നു. ഈ വീട്ടില്‍ തുരുത്തേല്‍ ജോസും കുടുംബവും വാടകയ്ക്ക് താമസിക്കുകയാണ്. ഇന്നലെ പുലർച്ചെ മൂന്നോടെയാണു മരം വീഴുന്നത്. അപകടം നടക്കുമ്ബോള്‍ ജോസും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. പഞ്ചായത്തംഗം എം. ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ദുരന്ത നിവാരണ സേനാംഗങ്ങള്‍ വീടിനു മുകളില്‍ നിന്നും മരം മുറിച്ചുമാറ്റി. ചെറുപുഴ ചെക്ക്ഡാമിനു സമീപം അരിമ്ബയില്‍ മഠത്തിക്കുഴിഞ്ഞൂർ ജെസി സെബാസ്റ്റ്യന്‍റെ വീടിനു മുകളില്‍ തെങ്ങ് ഒടിഞ്ഞു വീണു. രണ്ട് വൈദ്യുതി തൂണുകളും പൊട്ടിവീണു. വീടിന്‍റെ 200 ഓളം ഓടുകള്‍ തകർന്നു. കോണ്‍ക്രീറ്റിന് പൊട്ടലുണ്ടോയെന്നു സംശയിക്കുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post