ചക്രവാതച്ചുഴിയും ന്യൂനമര്‍ദപാത്തിയും: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും; കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഗംഗാതട പശ്ചിമബംഗാളിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്‌ട്ര തീരം മുതല്‍ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, കേരള-കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും; ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ കർണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ചൊവ്വാഴ്ച വരെ മധ്യപടിഞ്ഞാറൻ അറബിക്കടല്‍, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടല്‍, തെക്കുപടിഞ്ഞാറൻ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് വടക്കുപടിഞ്ഞാറൻ അറബിക്കടലിന്‍റെ തെക്കൻ ഭാഗങ്ങള്‍, തെക്കൻ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന വടക്കൻ ഗുജറാത്ത് തീരം, കൊങ്കണ്‍, ഗോവ തീരങ്ങള്‍ അതിനോട് ചേർന്ന കടല്‍ പ്രദേശങ്ങള്‍, വടക്കുകിഴക്കൻ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേർന്ന വടക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.

Post a Comment

Previous Post Next Post