സ്കൂള്‍ സമയമാറ്റം: തീരുമാനം മാറ്റില്ല; ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍: മന്ത്രി ശിവന്‍ കുട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പഠനസമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി.തീരുമാനം മാറ്റാനല്ല, കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സമസ്തയുമായി ചര്‍ച്ചയെന്നും മന്ത്രി വ്യക്തമാക്കി. പഠനസമയമാറ്റം സംബന്ധിച്ച സാഹചര്യവും തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനായി ചൊവാഴ്ച കോഴിക്കോട് സമസ്ത ഏകോപന സമിതി യോഗം ചേരാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെ സമയമാറ്റം ഇല്ലെന്ന് മന്ത്രി ശിവന്‍ കുട്ടി ആവര്‍ത്തിച്ചു. എതിര്‍പ്പുന്നയിക്കുന്നവര്‍ ഇക്കാര്യം ഇപ്പോഴാണ് അറിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും അക്കാദമികമായിട്ടുള്ള മുന്നേറ്റവുമാണ് പ്രധാനം. സമസ്തയുമായി ചര്‍ച്ചയ്ക്ക് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിച്ചു. തീരുമാനം മാറ്റാനല്ല, തീരുമാനം അവരെ ബോധ്യപ്പെടുത്താനാണ് ചര്‍ച്ചയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളില്‍ വെള്ളിയാഴ്ചയൊഴികെ പ്രവൃത്തി ദിവസങ്ങളില്‍ അര മണിക്കൂര്‍ അധികം അധ്യയനം നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, സമയം വര്‍ധിപ്പിക്കുന്നത് മതപഠനം നടത്തുന്ന വിദ്യാര്‍ഥികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തി. സ്‌കൂളുകളിലെ സമയമാറ്റം 12 ലക്ഷത്തോളം വിദ്യാർഥികളുടെ മതപഠനത്തെ ബാധിക്കും. ബുദ്ധിമുട്ട് മനസിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജിഫ്രി മുത്തുക്കോയ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത സമസ്തയുടെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Post a Comment

Previous Post Next Post