പന്തീരാങ്കാവില്‍ സ്വകാര്യബാങ്കില്‍ നിന്നും പണവുമായി കടന്ന സംഭവം ; 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച്‌ നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസില്‍ പണം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
40 ലക്ഷം തട്ടിയെടുത്ത കേസില്‍ പോലീസ് നേരത്തേ പിടികൂടിയ പ്രതി ഷിബിന്‍ ലാലിന്റെ വീടിന് സമീപത്ത് നിന്നും കുഴിച്ചിട്ട നിലയില്‍ 39 ലക്ഷം രൂപയാണ് കണ്ടെത്തിയത്. ബാഗുകളിലും ചാക്കുകളിലുമായി കുഴിച്ചിട്ട പണം ഇന്ന് രാവിലെ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ഷിബിന്‍ലാലിനെയും കൂട്ടാളികളെയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂണ്‍ 11 ന് രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച്‌ സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞ് ജൂണ്‍ 13 ന് കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ അടുത്തു നിന്നും ഇയാള്‍ പിടിയിലാകുകയും ചെയ്തു. പിന്നാലെ ഇയാളുടെ ഭാര്യയേയും മോഷണത്തിന് സഹായിച്ച ബന്ധുവിനെയും ജൂണ്‍ 28 ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ചാക്കുകളിലും ഒരു ബാഗുകളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. നേരത്തേ പിടിയിലാകുമ്ബോള്‍ ഇയാളില്‍ നിന്നും 55,000 രൂപ കണ്ടെത്തിയിരുന്നു. എന്നാല്‍ ബാക്കി പണത്തെക്കുറിച്ച്‌ ഒരു വിവരവും കിട്ടാത്ത സാഹചര്യമുണ്ടായിരുന്നു. ഒടുവില്‍ ഷിബിന്‍ലാല്‍ തന്നെ പണത്തിന്റെ കാര്യം വ്യക്തമാക്കുകയായിരുന്നു.ബാങ്ക് ചെക്ക്‌ലീഫുകളും ഷിബിന്‍ലാലുമായി ബന്ധപ്പെട്ട ചില രേഖകളും കുഴിച്ചെടുത്ത ബാഗില്‍ നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്. നേരത്തേ പണവുമായി കടന്നു കളയാന്‍ ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തിയിരുന്നു. ഭാര്യ കൃഷ്ണപ്രിയയും ഷിബിന്‍ലാലും മറ്റൊരാളും ചേര്‍ന്ന് നടത്തിയ ആസൂത്രിത കവര്‍ച്ചയായിരുന്നു ഇതെന്നും മൊഴി നല്‍കിയിരുന്നു. പന്തീരാങ്കാവിലെ അക്ഷയ എന്ന ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണം ടേക്ക് ഓവര്‍ ചെയ്യാന്‍ നാല്‍പത് ലക്ഷം രൂപയുമായി എത്തിയ രാമാനാട്ടുകര ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിപ്പറിച്ച്‌ ഷിബിന്‍ സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. 45,000 മൂന്നാംപ്രതി ചെലവാക്കിയതായിട്ടാണ് പോലീസ് പറയുന്നത്.
പ്രതിയായ ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്ബാണ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയത്. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണവായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ മാറ്റണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് പണവുമായി സഹകരണ ബാങ്കിലേക്ക് പോയ ഇസാഫ് ജീവനക്കാര്‍ പണവുമായി കാറില്‍ നിന്നും ഇറങ്ങുമ്ബോള്‍ സ്‌കൂട്ടറില്‍ എത്തിയ ഷിബിന്‍ലാല്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച്‌ ബൈക്കില്‍ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ദിവസങ്ങളോളം നീണ്ട പോലീസ് നിരീക്ഷണവുമാണ് പ്രതി പണം ചെലവാക്കിയിട്ടില്ലെന്നും സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള നിഗമനത്തില്‍ പോലീസ് എത്തിച്ചേരാന്‍ കാരണം.

Post a Comment

Previous Post Next Post