കാസര്‍ഗോഡ് ദേശീയപാതയില്‍ മണ്ണിടിച്ചില്‍: ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

കാസർഗോഡ്: ചെറുവത്തൂരില്‍ മണ്ണിടിച്ചിലുണ്ടായ ദേശീയപാതയിലൂടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് റോഡിലൂടെ കടത്തിവിടുന്നത്.കഴിഞ്ഞദിവസം രാവിലെയാണ് വീരമലക്കുന്നിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്.
വീരമലക്കുന്നില്‍ കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചരക്ക് വാഹനങ്ങള്‍ മാത്രമാണ് പൊലീസിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍ ദേശീയപാതയിലൂടെ കടത്തിവിടുന്നത്. ബസ് അടക്കമുള്ള യാത്രാ വാഹനങ്ങള്‍ നേരത്തെ നിശ്ചയിച്ചതനുസരിച്ച്‌ - നീലേശ്വരം - കോട്ടപ്പുറം, കയ്യൂർ - ചീമേനി - കോത്തായി മുക്ക്, കയ്യൂർ - ചെമ്ബ്രകാനം - പാലക്കുന്ന് വഴിയിലൂടെ യാത്ര ചെയ്യണം.
അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ നിർമാണ കരാറുകാരായ മേഘ കമ്ബനി ഗുരുതരമായി വീഴ്ച വരുത്തിയതായി കണ്ടെത്തി. കരാർ കമ്ബനിയുടെ അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണം. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങള്‍ ദേശീയപാത അതോറിറ്റി അവഗണിച്ചു. കരാർ കമ്ബനിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് വീണ്ടും മണ്ണ് ഇടിയാൻ സാധ്യതയുള്ളതയുണ്ടെന്നാണ് വിലയിരുത്തല്‍.
വീരമലക്കുന്നിന് പുറമെ ജില്ലയില്‍ അപകട സാധ്യത മേഖലയായി കണ്ടെത്തിയ ബേവിഞ്ച, തെക്കില്‍, മട്ടലായി കുന്ന് എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം നല്‍കി. പ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് ഉടൻ റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെടും. ഉന്നതതല യോഗം ചേർന്ന് തുടർ നടപടികള്‍ സ്വീകരിക്കും.

Post a Comment

Previous Post Next Post