ടെലഗ്രാമിലൂടെ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോഴിക്കോട് യുവതിക്ക് 13 ലക്ഷം രൂപ നഷ്ടമായി

കോഴിക്കോട്: ടെലഗ്രാമിലൂടെ പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോഴിക്കോട് സ്വദേശിനിയായ യുവതിയില്‍ നിന്ന് 13 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്.ഗോദറേജ് പ്രോപ്പർട്ടീസിൻറെ പേരിലാണ് തട്ടിപ്പുകാർ മെസേജ് അയച്ചത്. ആദ്യം ലാഭവിഹിതം നല്‍കിയെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി ലക്ഷങ്ങള്‍ തട്ടുകയായിരുന്നു.
ഓണ്‍ലൈൻ പാർട് ടൈം ജോലിയെന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയായിരുന്നു തട്ടിപ്പിൻറെ തുടക്കം. ജോലിക്ക് താല്‍പര്യമുണ്ടെന്ന് അറിയിച്ചതോടെ കമ്ബനിയിലെ മുതിർന്ന ജീവനക്കാരനെന്ന് പരിചയപ്പെടുത്തി കൊച്ചി സ്വദേശി ആദ്യം ബന്ധപ്പെട്ടു. ഗോദറേജ് പ്രോപ്പർട്ടീസിൻറെ ലിങ്കുകളില്‍ കയറി ടാസ്ക്കുകള്‍ പൂർത്തിയാക്കുകയാണ് ജോലി. പിന്നാലെ കമ്ബനി ഏജൻറ് എന്ന പേരില്‍ മറ്റൊരു യുവതിയും ബന്ധപ്പെട്ടു. മെസേജുകളും ഫോണ്‍ വിളികളുമെല്ലാം ടെലഗ്രാമിലൂടെ മാത്രം. അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയതിന് പിന്നാലെ പരിശീലനം പൂർത്തിയാക്കിയപ്പോള്‍ 800 രൂപ പ്രതിഫലം നല്‍കി.
പിന്നീട് പതിനായിരം രൂപ നിക്ഷേപിച്ച്‌ ടാസ്ക്കുകള്‍ പൂർത്തിയാക്കിയപ്പോള്‍ 15500 രൂപ ലാഭമെന്ന പേരില്‍ തിരികെ നല്‍കി. തൊട്ടടുത്ത ദിവസം 15000 രൂപ നിക്ഷേപിക്കാൻ ഏജൻറ് ആവശ്യപ്പെട്ടു. ടാസുക്കുകള്‍ക്ക് ഇടയില്‍ ലഭിച്ച ബോണസും ലക്ഷ്വറി ബോണസും സ്വന്തമാക്കാൻ പല തവണയായി ലക്ഷങ്ങള്‍ നിക്ഷേപിക്കാൻ നിർദേശിച്ചു. ഒടുവില്‍ മുഴുവൻ പണവും ഒരുമിച്ച്‌ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

Post a Comment

Previous Post Next Post