ലഹരിക്കായി നാഡീവേദനയുടെ മരുന്ന്; പാഴ്സലില്‍ വരുത്തും; 750 രൂപയുടെ ഗുളിക വില്‍ക്കുന്നത് 5,500 രൂപയ്ക്ക്


കാസർകോട്: പോലീസും എക്സൈസും ലഹരിവേട്ട ശക്തമാക്കിയപ്പോള്‍ പകരം വേദനസംഹാരി രംഗത്തിറക്കി ലഹരിമാഫിയ. കഴിഞ്ഞദിവസം കാസർകോട്ടെത്തിയ പാർസല്‍ സംശയം തോന്നി പോലീസ് പിടികൂടി പരിശോധിച്ചപ്പോള്‍ നാഡീവേദനയ്ക്ക് നല്‍കുന്ന പ്രെഗാബാലിൻ ഗുളികകള്‍ കണ്ടെത്തി.ബുക്ക് ചെയ്തയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണ് ലഹരി അടിമകള്‍ക്ക് നേരിട്ടെത്തിക്കാനാണിതെന്നും ഒരുപ്രാവശ്യം എത്തിച്ചാല്‍ കിട്ടുന്ന ലാഭവും ഇയാള്‍ വെളിപ്പെടുത്തിയത്. പക്ഷേ, കവറിനുപുറത്ത് രേഖപ്പെടുത്തിയത് ആന്റിബയോട്ടിക് ഗുളികയായ അസിത്രോമൈസിനെന്നാണ്. കവർ തുറന്നപ്പോഴാണ് പ്രെഗാബാലിൻ ഗുളികളുടെ പെട്ടി ലഭിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് ബുക്ക് ചെയ്ത് വരുത്തുന്നതാണ് ഗുളികകളെന്നാണ് പോലീസ് ലഭിച്ച വിവരം.
750 രൂപയാണ് ഒരു പാക്കറ്റിനുള്ളത്. അത് റീട്ടെയിലായി ആവശ്യക്കാർക്ക് നേരിട്ടെത്തിക്കുമ്ബോള്‍ 5,500 രൂപ വരെ ലഭിക്കുന്നു. എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുക്കാനാകാത്തതിനാല്‍ ഡ്രഗ് കണ്‍ട്രോളറെ വിവരമറിയിച്ചിരിക്കുകയാണ് പോലീസ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളില്‍നിന്ന് നല്‍കില്ലെന്നിരിക്കെ വ്യാജമായി അത് നിർമിച്ചും അല്ലെങ്കില്‍ സംസ്ഥാനത്തിനുപുറത്ത് നിന്ന് കൊറിയർ, പാർസല്‍ സർവീസ് വഴിയും ഗുളികകളെത്തിച്ചാണ് വില്പനയും ഉപയോഗവും. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കളില്‍ പോലീസ് പിടിമുറുക്കിയപ്പോള്‍ ലഹരി നിറയ്ക്കാൻ വേറെ വഴിയേ യുവാക്കളുള്‍പ്പെടെയുള്ളവർ സഞ്ചരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു ഓണ്‍ലൈനായും മറ്റും ഗുളികകള്‍ വരുത്തുന്ന സംഭവം.

Post a Comment

Previous Post Next Post