സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍: സെപ്തംബര്‍ 3 മുതല്‍ 9 വരെ


സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബർ മൂന്നു മുതല്‍ 9 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സെപ്തംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും.ജില്ലാതലത്തില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഓണാഘോഷം വിപുലമായും ആകർഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. തിരുവനന്തപുരം കവടിയാർ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയില്‍ നടത്തും. ഹരിത ചട്ടം പാലിച്ചുകൊണ്ട് ഹരിത ഓണം എന്ന നിലയിലാവും പരിപാടികള്‍ നടത്തുക.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാ, സിഡിഎസ് , എ.ഡി. എസ് തലങ്ങളില്‍ ഓണം മേളകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ മുഖേന പച്ചക്കറിയും പൂ കൃഷിയും നടത്തിയിട്ടുണ്ട്. അതിൻ്റെ വിളവെടുപ്പ് ഓണത്തിന് മുമ്ബ് നടത്തും. ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും അടങ്ങുന്ന കിറ്റ് നേരിട്ടും ഓണ്‍ലൈനായും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഓണച്ചന്തകള്‍ ജില്ലാ , താലൂക്ക്, മണ്ഡലം കേന്ദ്രങ്ങളിലും തുടങ്ങും.
സാംസ്കാരിക മേഖലയിലെ സ്ഥാപനങ്ങള്‍ മുഖേന കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഫിഷറീസ് മേഖലയില്‍ വള്ളങ്ങള്‍ ഉള്‍പ്പെടുത്തി ആളുകളെ ആകർഷിക്കുന്ന പരിപാടികളും നടത്തുന്ന കാര്യം ആലോചിക്കും.

Post a Comment

Previous Post Next Post