കട്ടപ്പന: വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വൻതോതില്‍ തത്തകളെ കടത്തിക്കൊണ്ടുവന്ന് വില്‍ക്കാൻ ശ്രമിച്ച മൂന്ന് സ്ത്രീകളെ കട്ടപ്പനയില്‍ വെച്ച് പിടികൂടി.
ഇവരില്‍ നിന്ന് കൂട്ടിലടച്ച 139 തത്തകളെയും കണ്ടെത്തി. തമിഴ്‌നാട്ടിലെ പൊള്ളാച്ചി കൊത്തൂർ സ്വദേശിനികളായ ജയ (50), ഇളവഞ്ചി (45), പൊള്ളാച്ചി കരൂർ സ്വദേശിനി ഉഷ ചന്ദ്രശേഖരൻ (41) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഇടുക്കി ഫ്ലയിംഗ് സ്ക്വാഡും കട്ടപ്പന ക്യാമ്ബ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്നാണ് കാമാക്ഷി പ്രകാശില്‍ വെച്ച് ഇവരെ പിടികൂടിയത്.
പൊള്ളാച്ചിയില്‍ നിന്ന് ഇന്ന് പുലർച്ചെ ബസ് മാർഗം തത്തകളുമായി കട്ടപ്പനയിലെത്തിയ മൂവരും കാമാക്ഷി പ്രകാശില്‍ വെച്ച് വില്‍പ്പന നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഒരു ചെറിയ ബോക്സില്‍ രണ്ട് തത്തകളെ വീതം 400 രൂപയ്ക്കും 600 രൂപയ്ക്കും വില്‍ക്കാനായിരുന്നു ഇവരുടെ നീക്കം. രഹസ്യവിവരത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പെട്ടന്നുള്ള ഇടപെടലിലൂടെയാണ് ഇവരെയും തത്തകളെയും പിടികൂടാനായത്.പിടിയിലായ സ്ത്രീകള്‍ വനം വകുപ്പിനോട് സമ്മതിച്ചത് അനുസരിച്ച്, പൊള്ളാച്ചിയിലെ നരിക്കുറവന്മാരില്‍ നിന്ന് 100 രൂപ വീതം നല്‍കിയാണ് ഈ തത്തകളെ പല തവണയായി വാങ്ങിയത്. പിന്നീട് കട്ടപ്പനയില്‍ എത്തിച്ച് നാലിരട്ടിയിലധികം വിലയ്ക്ക് വില്‍ക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. വല ഉപയോഗിച്ച് പിടികൂടി ഒരു പെട്ടിയിലാക്കി ബസ് മാർഗമാണ് തത്തകളെ പൊള്ളാച്ചിയില്‍ നിന്ന് കട്ടപ്പനയിലേക്ക് കടത്തിയത്.
പിടിച്ചെടുത്ത 139 തത്തകളില്‍ ഭൂരിഭാഗവും കഴുത്തില്‍ ചുവന്ന അടയാളങ്ങളുള്ള "മോതിരത്തത്ത" എന്നറിയപ്പെടുന്ന (Rose-ringed parakeet) വിഭാഗത്തില്‍പ്പെട്ടവയാണ്. കടത്തലിനിടെ 139 തത്തകളില്‍ ആറെണ്ണം ചത്തുപോയിരുന്നു. പിടിച്ചെടുത്ത തത്തകളെ കാഞ്ചിയാർ ആശുപത്രിയിലെ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു. തുടർനടപടികള്‍ക്ക് ശേഷം ഇവയെ ഇടുക്കി വനത്തില്‍ തുറന്നുവിടുമെന്ന് വനം വകുപ്പ് അറിയിച്ചു.
കേസ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പിടിയിലായ സ്ത്രീകളെ കട്ടപ്പന കോടതിയില്‍ ഹാജരാക്കും. തുടർന്ന് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി ഡി.എഫ്.ഒയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുമെന്ന് റെയിഞ്ച് ഓഫീസർ രതീഷ് അറിയിച്ചു. ഇടുക്കി ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ടി. ലിതേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സജി തോമസ്, കട്ടപ്പന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അനീഷ്, വാച്ചർമാരായ ടി.പി. വിൻസെന്റ്, ടി.ആർ. ഓമന എന്നിവരടങ്ങിയ സംഘമാണ് ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് പിന്നിലുള്ളവരെ പിടികൂടിയത്.
Post a Comment