ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇന്ന് വിഴിഞ്ഞത്ത്, എംഎസ്‍സി ഐറീന ബര്‍ത്ത് ചെയ്യുന്നത്‌ രാവിലെ എട്ട് മണിയോടെ


തിരുവനന്തപുരം: ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യും.രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ്. സൗത്ത് ഏഷ്യൻ തുറമുഖങ്ങളില്‍ ഐറീനയെത്തുന്നത് ഇതാദ്യമാണ്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറീന. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ കപ്പിത്താൻ. 2023ല്‍ നിർമ്മിച്ച കപ്പലില്‍ 35 ജീവനക്കാരുണ്ട്. ക്യാപ്റ്റനെ കൂടാതെ ക്രൂവില്‍ മറ്റൊരു മലയാളി കൂടിയുണ്ട്. സിംഗപ്പൂരില്‍ നിന്നു യാത്രതിരിച്ച്‌ ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരില്‍ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തിയത്.
400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലില്‍ 24,346 ടി.ഇ.യു കണ്ടെയ്നറുകള്‍ വഹിക്കാനാകും. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേല്‍ കപ്പലിനിയും നേരത്തെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകള്‍ മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്ബനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ്. ഒരേ വലിപ്പവും കണ്ടെയ്നർ ശേഷിയുമുള്ള ആറ് സഹോദരി കപ്പലുകള്‍. അതില്‍ എം എസ്‍ സി തുർക്കിയും മിഷേല്‍ കപ്പലിനിയും നേരത്തെ തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post