പഠനത്തിന്‍റെ ഫസ്റ്റ് ബെല്‍ ഇന്ന് മുഴങ്ങും; വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി സ്കൂളുകള്‍


തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കും. വിദ്യാർഥികളെ വരവേല്‍ക്കാൻ എല്ലാ സ്കൂളുകളും ഒരുങ്ങി.
പ്രവേശനോത്സവത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ 8.30 മുതല്‍ സ്കൂളുകളില്‍ വിദ്യാർഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും.

ആലപ്പുഴ കലവൂർ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളില്‍ ന‌ടക്കുന്ന സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷതവഹിക്കും. മൂന്നു ലക്ഷം കുട്ടികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് എത്തുന്നത്.

കഴിഞ്ഞവർഷം 2,98,848 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. സ്കൂള്‍ അധ്യായന സമയത്തെയും ദിവസങ്ങളുടെ എണ്ണത്തിലെയും മാറ്റമാണ് ഈ വർഷത്തെ മറ്റൊരു സവിശേഷത. ഹൈസ്കൂളില്‍ അരമണിക്കൂർ കൂടുതല്‍ പഠനസമയമാണ് ഈ വർഷത്തെ പുതിയമാറ്റം.

അധിക ക്ലാസ് വെള്ളിയാഴ്ചയില്ല. യുപിക്ക് രണ്ടും ഹൈസ്കൂളില്‍ ആറും ശനിയാഴ്ച പ്രവൃത്തിദിനമാകും. ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാർഗപാഠങ്ങള്‍ക്കായി ഒരുമണിക്കൂർവീതം നീക്കിവെക്കും.

പ്രവേശനോത്സവത്തിന്‍റെ പരിപാടികള്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post