ആലക്കോട്: മലയോരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയം തട്ട്, ഏഴരക്കുണ്ട്, പൈതല്‍ മല എന്നിവിടങ്ങളിലേക്കു സര്‍വീസ് നടത്തുന്ന ജീപ്പ് ഡ്രൈവര്‍മാര്‍ അമിത വാടക ഈടാക്കുന്നതായി പരാതി.പാലക്കയം തട്ടും ഏഴരക്കുണ്ടും കാണാന്‍ വന്ന കാഞ്ഞങ്ങാട് സ്വദേശികളില്‍ നിന്ന് അമിത വാടക ഈടാക്കിയതിനെതിരെ തളിപ്പറമ്ബ് ജോയിന്റ് ആര്‍.ടി.ഒയ്‌ക്കും കുടിയാന്‍മല പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി.
കാഞ്ഞങ്ങാട് അരയി പാലക്കല്‍ സ്വദേശി എസ്. ജഗദീഷ് ആണ് പരാതി നല്‍കിയത്. പാലക്കയത്തേക്കുള്ള യാത്രയില്‍ കൈതളം എന്ന സ്‌ഥലത്ത് നിന്നും ഏഴരക്കുണ്ടിലേക്കും തിരിച്ചു പാലക്കയത്തിലേക്കും ഓടിയതിന് ഒരു ജീപ്പിനു 3000 രൂപ വാടക വാങ്ങിയതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ20 പേരുള്ള സംഘത്തില്‍ കുട്ടികളും സ്‌ത്രീകളും ആയിരുന്നു ഭൂരിപക്ഷവും. എല്ലാവര്‍ക്കും കൂടി യാത്ര ചെയ്ാന്‍ 3 ജയീപ്പ് ഏര്‍പ്പാടാക്കേണ്ടി വന്നു. കൈതളം വഴി പാലക്കയത്തേക്ക് പോവുകയായിരുന്ന തങ്ങളുടെ ട്രാവലര്‍ തടഞ്ഞു നിര്‍ത്തി മുകളിലേക്ക് ഓഫ് റോഡ് ആണെന്നും വാഹനം പോകില്ലെന്നും നുണ പറയുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. മൂന്ന് സ്‌ഥലങ്ങള്‍ കാണിച്ചു തരാമെന്നും 27.5 കിലോമീറ്റര്‍ ദൂരം ഓടാന്‍ ഉണ്ടെന്നും ഒരു ജീപ്പിനു 3000 രൂപ വാടകയാകും എന്ന് പറഞ്ഞു. 12 കിലോമീറ്റര്‍ ദൂരം വരുന്ന യാത്രക്കാണ് അമിത വാടക വാങ്ങിയത്.
മൂന്ന് സ്‌ഥലത്ത് പോകാം എന്ന് പറഞ്ഞ് രണ്ടു സ്‌ഥലത്തല്ലേ പോയുള്ളു എന്ന് ചോദിച്ചതിന് അപമര്യാദയായി പെരുമാറിയെന്നും തങ്ങള്‍ക്ക് മാനനഷ്‌ടം ഉണ്ടാക്കിയെന്നതിനാല്‍ നഷ്‌ടപരിഹാരം ലഭിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പാലക്കയം തട്ട് വിനോദസഞ്ചാര കേന്ദ്രമായി മാറിയത് മുതല്‍ ടാക്‌സി ഡ്രൈവര്‍മാരുടെ പെരുമാറ്റത്തെക്കുറിച്ചും അമിത വാടകയെക്കുറിച്ചും നിരവധി പരാതിയാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. കൈതളം വഴി വരുന്നവരാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്. നിലവില്‍ മിനി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാലക്കയം തട്ടിന്റെ മുകളിലെത്തുമെങ്കിലും വാഹനങ്ങള്‍ പോകാന്‍ ബുദ്ധിമുട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ച് മുകളില്‍ ആള്‍ക്കാരെ കൊണ്ടുപോവുകയും അമിതമായ വാടക ഈടാക്കുന്നുണ്ടെന്നും നിരവധി പരാതികള്‍ മുമ്ബ് തന്നെ ഉണ്ടായിരുന്നു. സൗകര്യമുണ്ടെങ്കിലും ചില ഉള്‍പ്രദേശങ്ങളിലൂടെ ഓഫ് റോഡ് ആയി സഞ്ചരിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. ദിവസവും നൂറുക്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന പാലക്കയം തട്ടില്‍ ഇപ്പോള്‍ വളരെ കുറഞ്ഞ എണ്ണം സഞ്ചാരികള്‍ മാത്രമാണ് എത്തുന്നത്.
പാലക്കയത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടുന്ന തരത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും പാലക്കയം തട്ടിന്റെ മുഖ്യ ആകര്‍ഷണമായ പുല്‍മേടുകള്‍ ഇല്ലാതാവുന്നതും നീര്‍ച്ചാലുകളും വെള്ളച്ചാട്ടങ്ങളിലും വെള്ളം കുറഞ്ഞുവരുന്നതുമൊക്കെ സഞ്ചാരികളെ അകറ്റുന്നതിന് കാരണമായി. ഇതിന് പുറമേ ടാക്‌സി ഡ്രൈവര്‍മാരുടെ മോശമായ പെരുമാറ്റവും വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ വരവിനെ ബാധിച്ചു. ഇവിടെ പോലീസ് ഔട്ട് പോസ്‌റ്റ് വേണമെന്ന ആവശ്യം ശക്‌തമാണ്.
Post a Comment