നാലര വയസുകാരി ഓടയില്‍വീണ് മരിച്ചു; ദുരന്തം ഇന്ന് ആദ്യമായി സ്കൂളില്‍ പോകാനിരിക്കെ

കൊല്ലം: ചവറയില്‍ അപ്പൂപ്പന്‍റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന നാലര വയസുകാരി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു.
കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും മകള്‍ അക്ഷിക(കല്യാണി) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് വീടിനു സമീപത്തെ ഓടയുടെ സ്ലാബില്‍ക്കൂടി കൂട്ടുകാരുമൊത്ത് സൈക്കിള്‍ ഉരുട്ടിവരുന്നതിനിടെയാണ് അപകടം. സ്ലാബില്ലാത്ത ഭാഗത്തുവെച്ച്‌ കാല്‍വഴുതി ഓടയിലേക്ക് വീണ കുട്ടി ഒഴുകിപ്പോകുകയായിരുന്നു.

നാ‌ട്ടുകാർ ചേർന്ന് ഉ‌ടനെ തെരച്ചില്‍ നടത്തിയെങ്കിലും മൂന്നൂറുമീറ്റര്‍ അകലെ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പള്ളിക്കല്‍ എന്‍എസ്‌എസ് എല്‍പിഎസില്‍ എല്‍കെജിയില്‍ പ്രവേശനം ലഭിച്ച അക്ഷിക, ഇന്ന് ആദ്യമായി സ്‌കൂളില്‍ പോകാനിരിക്കെയാണ് ദുരന്തം. അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും അടുത്ത് ഒന്നരമാസം മുന്പാണ് അക്ഷിക എത്തിയത്.

Post a Comment

Previous Post Next Post