പയ്യാവൂര്‍ സഹകരണ ബാങ്ക് ഇനിമുതല്‍ മദ്യവുമുണ്ടാക്കും; അടുത്ത കശുവണ്ടി സീസണില്‍ കശുമാങ്ങയില്‍നിന്നുള്ള മദ്യം വിപണിയിലെത്തും

ശ്രീകണ്ഠപുരം: പയ്യാവൂർ സഹകരണ ബാങ്ക് ഇനിമുതല്‍ മദ്യവുമുണ്ടാക്കും. കശുമാങ്ങയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതിയാണ് പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചിരിക്കുന്നത്.
അടുത്ത കശുവണ്ടി സീസണ്‍ മുതല്‍ പയ്യാവൂരില്‍ ‌നിന്നും കശുമാങ്ങ നീര് വാറ്റി മദ്യമുണ്ടാക്കി തുടങ്ങും. ഗോവൻ മാതൃകയില്‍ 'ഫെനി' ഉത്പാദിപ്പിച്ച്‌ വിപണിയിലെത്തിക്കാനാണ് പദ്ധതി.
2016-ലാണ് കാശുമാങ്ങയില്‍നിന്ന് ഫെനി എന്ന ആശയവുമായി പയ്യാവൂർ സഹകരണ ബാങ്ക്സർക്കാറിനെ സമീപിച്ചത്. സാധ്യതകള്‍ പരിശോധിച്ച സർക്കാർ 2022 ജൂണ്‍ 30-ന് അനുമതി നല്‍കി. എന്നാല്‍ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്‌ട് കമ്മിറ്റി റിപ്പോർട്ട് വൈകി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ചട്ടം എക്സൈസ് വകുപ്പ് പുറത്തിറക്കിയത്.നിലവില്‍ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവില്‍ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്‌ട് റിപ്പോർട്ടില്‍ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാല്‍ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.

Post a Comment

Previous Post Next Post