ബസുകള്‍ക്ക് കടന്നുപോകാൻ പാകത്തില്‍ പുതിയത് നിര്‍മ്മിക്കും: ധര്‍മ്മശാല -ചെറുകുന്ന് പാതയിലെ അണ്ടര്‍ പാസേജ് പൊളിക്കുന്നു


ധർമ്മശാല: ബസുകള്‍ കടന്നുപോകാൻ സാധിക്കുന്ന വിധം വലുപ്പമുള്ള അണ്ടർ പാസേജ് നിർമ്മിക്കാൻ തീരുമാ നമായതിനെ തുടർന്ന് ധർമ്മശാല -അഞ്ചാംപീടിക -ചെറുകുന്ന് തറ ഭാഗത്തേക്കായി നിർമ്മിച്ച ദേശീയപാതയിലെ അണ്ടർ പാസേജ് പൊളിച്ചുനീക്കാൻ തുടങ്ങി.നാട്ടുകാരുടെയും ബസ് ഉടമകളുടെയും ജീവനക്കാരുടെയും കടുത്ത പ്രതിഷേധം പരിഗണിച്ചുകൊണ്ടാണ് പുതിയ തീരുമാനം ഉണ്ടായത്. ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്നുപോകാവുന്ന തരത്തില്‍ 10 മീറ്റർ വീതിയിലും നാലുമീറ്റർ ഉയരത്തിലും അണ്ടർ പാസേജ് വീണ്ടും പൊളിച്ചുപണിയാൻ 2.19 കോടി രൂപയാണ് അനുവദിച്ചത്. ഏതാണ്ട് രണ്ടുവർഷക്കാലമായി നിലനിന്ന പ്രതിഷേധത്തിനാണ് ഇപ്പോള്‍ തീരുമാനമായത്.
കല്യാശ്ശേരി ഗ്രാമ ബോക്ക് പഞ്ചായത്ത്, തളിപ്പറമ്ബ് എം.എല്‍.എ എം.വി.ഗോവിന്ദൻ, കണ്ണൂർ എം.പി. കെ.സുധാകരൻ തുടങ്ങി പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഇടപെടലിലാണ് രണ്ടാം തവണയും അണ്ടർ പാസേജ് പൊളിക്കാൻ തീരുമാനമായത്. ആദ്യം മീറ്ററിലുള്ള അടിപ്പാത പണിതത് തീരെ സൗകര്യപ്രദമായിരുന്നില്ല. വീണ്ടും മുറവിളി ഉയർന്നപ്പോള്‍ 4x 3 അടിപ്പാത അനുവദിച്ചു. വീണ്ടും പ്രക്ഷോഭത്തിലായപ്പോള്‍ ആണ് ഇതും പൊളിക്കാൻ തീരുമാനമായത്.
വഴി വേണമെന്നകാര്യം
ചിന്തിച്ചേയില്ല!
ദേശീയപാതയുടെ പ്രവൃത്തി ആരംഭിച്ച ഘട്ടത്തില്‍ ധർമ്മശാല- ചെറുകുന്ന് റോഡിന് അണ്ടർ പാസേജ് ഉണ്ടായിരുന്നില്ല.
പ്രദേശവാസികളുടെയും ബസ് ഉടമകളുടെയും ജീവനക്കാരുടെയും മറ്റ് ജനപ്രതിനിധികളുടെയും ഇടപെടലിന്റെ ഭാഗമായാണ്
അടിപ്പാത അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ നിലവില്‍ നാലുമീറ്റർ വീതിയിലും മൂന്ന് മീറ്റർ ഉയരത്തിലുമായി ബോക്സ് കള്‍വർട്ടായി നിർമ്മിച്ചിരുന്ന അടിപ്പാതയിലൂടെ ബസുകള്‍ക്ക് കടന്നുപോകാനാകുമായിരുന്നില്ല.
ഇതോടെ പ്രതിഷേധം വീണ്ടും കനത്തു. ബസ് പണിമുടക്ക് ഉള്‍പ്പെടെയുണ്ടായി. നാട്ടുകാരുടെ അഭിപ്രായമോ ആവശ്യമോ പരിഗണിക്കാതെയുള്ള നിർമ്മാണമാണ് ഇപ്പോള്‍ നിർമ്മിച്ച പാസേജ് പൊളിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post