മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി


ഇഫാല്‍: മണിപ്പൂരില്‍ സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുർ, കാചിങ് ജില്ലകളിലാണ് ഇന്റർനെറ്റ് റദ്ദാക്കിയത്.മെയ്തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാൻ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇയാളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്. ഇംഫാലില്‍ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു.
ചിലയിടങ്ങളില്‍ വെടിവെപ്പ് നടന്ന ശബ്ദവും കേട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റർനെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എൻ. അശോക് കുമാർ വിശദീകരിച്ചു.
ശനിയാഴ്ച രാത്രി 11.45 ഓടെയാണ് പ്രതിഷേധം തുടങ്ങിയത്. ഗവർണർ എ.കെ ഭല്ലയുടെ ഉത്തരവിനെ തുടർന്ന് ആരംഭായ് തെങ്കോല്‍ ആയുധങ്ങള്‍ അടിയറവ് ചെയ്തിരുന്നു. വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post