സംഘര്‍ഷം രൂക്ഷം; ഇറാനിലേയും ഇസ്രയേലിലെയും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നീക്കം


ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.

ഇറാനില്‍ പതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നും അവരില്‍ ആറായിരം പേര്‍ വിദ്യാർഥികളാണ് എന്നുമാണ് വിവരം. അതേസമയം, ഇന്ത്യന്‍ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവരെ ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 600 വിദ്യാർഥികളെ ഖോമിലേക്ക് മാറ്റി.

സുരക്ഷാകേന്ദ്രങ്ങളിലെത്തുന്ന ഇന്ത്യന്‍ പൗരന്മാരെ ഇറാന്‍റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴി ഒഴിപ്പിച്ച്‌ ഇന്ത്യയിലെത്തിക്കാനാണ് ആലോചന. ഇവരെ അര്‍മേനിയയിലേക്കോ അസര്‍ബൈജാനിലേക്കോ മാറ്റാനും തുടര്‍ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമാണ് സാധ്യത. ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാർഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്.

ഉര്‍മിയയില്‍ നിന്നുളള 110 വിദ്യാർഥികള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തി. അവരെ വ്യോമ മാര്‍ഗം ഒഴിപ്പിക്കാനാണ് സാധ്യത. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യ മന്ത്രി അരാരത്ത് മിര്‍സോയയുമായി സംസാരിച്ചിരുന്നു. ഷിറാസില്‍ നിന്നും ഇസ്ഫഹാനില്‍ നിന്നുമുളള വിദ്യാർഥികളെ യാസ്ദിലേക്ക് മാറ്റുന്നുണ്ടെന്നാണ് വിവരം.

അതേസമയം, ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ നിന്നുള്ള 25,000ത്തോളം ഇന്ത്യക്കാരെ ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇറേനിയൻ തലസ്ഥാനമായ ടെഹ്റാൻ നഗരത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകണമെന്നു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 45 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്കേറ്റു.

അതേസമയം, ഇറാനും ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്. ടെല്‍ അവീവിലെ താമസക്കാരോടു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേലില്‍ ഇതുവരെ 21 പേർ മരിച്ചതായും 631 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post