മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി മലപ്പുറം എംഎസ്പി സ്കൂളിലെ വിദ്യാർഥികള്‍.
അപകടത്തില്‍ വിദ്യാർത്ഥിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് അധ്യാപികയുടെ കാർ പത്താം ക്ലാസ് വിദ്യാർഥിയെ ഇടിച്ചത്. കുട്ടിയുടെ കാല്‍ മൂന്നിടങ്ങളില്‍ പൊട്ടിയിട്ടുണ്ട്. എന്നാല്‍ അപകടമുണ്ടായത് മതില്‍ ഇടിഞ്ഞു വീണതിനെത്തുടർന്നാണെന്ന് പറയാൻ സ്കൂള്‍ അധികൃതർ നിർദേശിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിക്കാനും ഏറെ വൈകിയതായി മറ്റ് വിദ്യാർഥികള്‍ പരാതിപ്പെട്ടു. കേസ് കൊടുക്കരുതെന്നും അധ്യാപിക ആവശ്യപ്പെട്ടതായും കുട്ടികള്‍ പറയുന്നു.സംഭവത്തില്‍ സ്കൂളിലെ മറ്റ് വിദ്യാർഥികള്‍ പ്രതിതിഷേധവുമായി രംഗത്തെത്തിയതോടെ അധ്യാപകർ സംസാരിക്കുകയും വിഷയത്തില്‍ ചർച്ച നടത്താൻ തയ്യാറാകുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥിയുടെ കുടുംബം സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍ അധ്യാപികക്കെതിരെ പോലീസ് കേസ് എടുത്തു. എംഎസ്പി സ്കൂള്‍ അധ്യാപിക ബീഗത്തിനെതിരെയാണ് കേസ്. എന്നാല്‍ അപകടവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ വിശദീകരണവും ലഭിച്ചിട്ടില്ല. നിലവില്‍ സ്കൂള്‍ മുറ്റത്ത് പ്രതിഷേധം നടത്തുന്ന വിദ്യാർഥികളുമായി അധ്യാപകർ സംസാരിച്ചുവരികയാണ്.
Post a Comment