വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി, പ്രതികള്‍ക്കായി അന്വേഷണം


എറണാകുളം: മൂവാറ്റുപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമം. മൂവാറ്റുപ്പുഴ കദളിക്കാട് ഇന്ന് വൈകിട്ടോടെയാണ് സംഭവം.കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇഎം മുഹമ്മദിനുനേരെയായിരുന്നു ആക്രമണം.
ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ച കാര്‍ യാത്രക്കാര്‍ എസ്‌ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കുകയായിരുന്നു. രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയപ്പോഴാണ് യുവാക്കളോട് കാർ നിർത്താൻ പറഞ്ഞതെന്നും പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും എസ്‌ഐ മുഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്നും കാലിലൂടെയും ദേഹത്തു കൂടെയും കാർ കയറിയിറങ്ങിയെന്നും എസ്‌ഐ മുഹമ്മദ് പറഞ്ഞു.

Post a Comment

Previous Post Next Post