കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്യണം


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കൊവിഡ് പരിശോധന നടത്തണം എന്നതുള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിര്‍ബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആര്‍ടിപിസിആര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ്‌ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണം.ആശുപത്രികളില്‍ സന്ദര്‍ശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ആശുപത്രിയിൽ എത്തുന്ന രോഗലക്ഷണമുള്ള എല്ലാവർക്കും കൊവിഡ് പരിശോധന നടത്താനും സർക്കാർ നിർദേശമുണ്ട്. ആൻ്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ആർടി-പിസിആർ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തണം. കൊവിഡ് 19 രോഗികൾക്കായി പ്രത്യേക വാർഡ് സ്ഥാപിക്കാനും മാർഗനിർദേശമുണ്ട്.
സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ മോക്ഡ്രിൽ നടത്താനും നിർദേശമുണ്ട്. ഓക്സിജൻ വിതരണം, മാസ്ക്, ഗ്ലൗസ് എന്നിവ അടിയന്തരമായി ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് നിലവിൽ നാലായിരത്തോളം ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,435 കേസുകളുമായി കേരളമാണ് രോഗബാധയിൽ മുൻപിൽ. സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിന് പുറമെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Post a Comment

Previous Post Next Post