ഒരുവീട്ടിലെ ഒമ്പത് മക്കള്‍ ഒന്നിച്ച്‌ സ്‌കൂളിലേക്ക്; സന്തോഷത്തോടെ സന്തോഷ്- രമ്യ ദമ്പതികൾ


കൊട്ടിയൂർ: ഒമ്ബത് മക്കള്‍ ഒന്നിച്ച്‌ സ്‌കൂളിലേക്ക് പോകാനിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും.
മൂത്ത മകള്‍ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്‌കൂള്‍ ജീവിതത്തില്‍ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. അതോടെ ഈ കുട്ടിപ്പട്ടാളത്തിന്റെ സ്കൂള്‍ യാത്രയില്‍ എട്ടുപേരാകും. മൂന്നര മാസം മാത്രം പ്രായമായ ഇളയ മകള്‍ സ്കൂളില്‍ പോകാൻ തുടങ്ങുമ്ബോഴേക്കും മുതിർന്നവരില്‍ പലരുടെയും സ്കൂള്‍ ജീവിതം അവസാനിച്ച്‌ കോളജിലേക്ക് ചുവടുമാറും.
മൂത്ത മകള്‍ ആല്‍ഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകള്‍ ആഗ്നസ് മരിയയും മൂന്നാമത്തെ മകള്‍ ആൻ ക്ലെറിനും അതേ സ്‌കൂളില്‍ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു. അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യു.കെ.ജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ. യു.പി സ്കൂ‌ളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്. ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസിനയും അടുത്തുള്ള അങ്കണവാടിയിലും പോകും.കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കുട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂ‌ളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതല്‍ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂ‌ളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകള്‍ അന്ന റോസ്‍ലിയ.
തന്റെ സ്‌കൂള്‍ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കള്‍ എല്ലാവരേയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു.
ഇളയ മകള്‍ സ്‌കൂളില്‍ പോകാൻ പ്രായമാകുമ്ബോഴേക്കും മൂത്തവർ സ്‌കൂള്‍ പഠനകാലം കഴിഞ്ഞു പോകും എന്നതിനാല്‍ ഈ അധ്യയന വർഷം തങ്ങള്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ. സന്തോഷ്.

Post a Comment

Previous Post Next Post