വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച സംഭവം; ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍


കാസര്‍ഗോഡ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സംഭവത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍.കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനെയാണ് ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ജാതിസ്പർദ്ദ വളർത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇ‍യാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രൻ ര‍ഞ്ജിതയെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്‍റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു.

പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

നേരത്തെ കാഞ്ഞങ്ങാട് എംഎല്‍എയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തില്‍ അപകീർത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ പവിത്രനെതിരേ നടപടിയെടുത്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുന്പാണ് ഇയാളെ ജോലിയില്‍ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്റ്റും പങ്കുവച്ചത്.

Post a Comment

Previous Post Next Post