അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം തികയുമ്ബോഴും എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.ഡിഎൻഎ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാൻ സാധിക്കില്ലെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രി സിവില്‍ സൂപ്രണ്ട് രാകേഷ് ജോഷി പറഞ്ഞു. ഈ സാഹചര്യത്തില്‍ വിമാനാപകടത്തില്‍ മരിച്ച എട്ട് പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎൻഎ സാമ്ബിളുകള്‍ നല്‍കാൻ അധികൃതർ ആവശ്യപ്പെട്ടു. ആദ്യത്തെ ഡിഎൻഎ സാമ്ബിളിന് പുറമേ മറ്റൊരു ബന്ധുവിന്റെ ഡിഎൻഎ സാമ്ബിള്‍ കൂടി ലഭ്യമാക്കാനാണ് നിർദേശം. രണ്ടാമത്തെ ഡിഎൻഎ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുമെന്ന് അധികൃതർ കരുതുന്നു.
ഇതുവരെ 247 പേരുടെ മൃതദേഹങ്ങള്‍ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മലയാളിയായ നഴ്സ് രഞ്ജിതയുടെ ഉള്‍പ്പെടെ മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1.39 ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറിയത് അപകടത്തിന്‍റെ ആഘാതം വർദ്ധിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉള്‍പ്പെടെ 270 പേർ മരിച്ചു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Post a Comment