ആലക്കോട്: മലയോര ഹൈവേയില്‍ രയറോം പള്ളിക്ക് സമീപം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാ ദുരിതത്തിനും അപകട മേഖലയാകാനും കാരണമാകുന്നു.റോഡിന് സമീപ പ്രദേശം മണ്ണിട്ട് ഉയർത്തിയതോടെയാണ് റോഡിന് സമീപം പലയിടത്തും ഉറവകള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെടുന്നതിനു കാരണമായത്.
മലയോര ഹൈവേയില്‍ ഉറവകള്‍ രൂപപ്പെട്ടതോടെ റോഡിന്‍റെ പലഭാഗവും തകർന്നു തുടങ്ങിയിട്ടുണ്ട്. റോഡിന്‍റെ കോണ്‍ക്രീറ്റ് കാനകള്‍ കല്ലും മണ്ണും വീണു നിറഞ്ഞു കിടക്കുന്നത് നീക്കം ചെയ്യുന്നില്ല. അതിനാല്‍, റോഡിലൂടെ ദീർഘദൂരം വെള്ളം ഒഴുകാൻ ഇടയാകുന്നു. വാഹനങ്ങള്‍ വേഗത്തില്‍ പോകുന്പോള്‍ കാല്‍നടയാത്രികരുടെയും ഇരുചക്രവാഹന യാത്രികരുടെയും മേല്‍ ചെളിവെള്ളം തെറിക്കുന്നതിനും കാരണമാകുന്നുണ്ട്.
മുൻകാലങ്ങളില്‍ രയറോം സെന്‍റ് സെബാസ്റ്റ്യൻസ് പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓവുചാല്‍ വൃത്തിയാക്കിയിരുന്നത്. എന്നാല്‍, ഓവുചാലില്‍ മാലിന്യം കൂടുതലായി അടിഞ്ഞതോടെ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യേണ്ട അവസ്ഥയാണുള്ളത്. മഴക്കാലം ആരംഭിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് ഓവുചാല്‍ വൃത്തിയാക്കി ജലത്തിന്‍റെ ഒഴുക്ക് സുഗമമാക്കാത്തതില്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ശക്തമായ മഴയില്‍ മലയോര ഹൈവേ റോഡിലൂടെ കല്ലും മണ്ണും വെള്ളവും ഒഴുകിവരുന്നത് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിന് കാരണമാകുന്നു. രയറേം സെന്‍റ് സെബാസ്റ്റ്യൻസ് ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലേക്കും, രയറോം ഗവണ്‍മെന്‍റ് ഹൈസ്കൂളിലേക്കും അനേകം കുട്ടികളും പള്ളിയിലേക്കും നിരവധിയാളുകള്‍ വെള്ളക്കെട്ട് നിറഞ്ഞ ഭാഗത്തുകൂടിയാണ് നടന്നു പോകുന്നത്.
Post a Comment