ടെഹ്‌റാൻ: ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ ഇറാനിലെ ആണവനിലയം ആക്രമിച്ച് ഇസ്രയേല്‍. തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറാക് ഹെവി വാട്ടർ റിയാക്ടറിനു നേരെയാണ് ആക്രമണമുണ്ടായത്.ഈ കേന്ദ്രം ആക്രമിക്കുമെന്നും മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും ഇസ്രയേല്‍ രാവിലെതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. അതേസമയം, ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറേനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
ആറാം ദിവസവും മേഖലയില്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ടെഹ്റാനു സമീപമുള്ള ഖോജിര്‍ മിസൈല്‍ നിർമാണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചെന്ന് ഇറേനിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കിഴക്കന്‍ ടെഹ്റാനിലെ ഇമാം ഹൊസൈന്‍ സര്‍വകലാശാലയെയും ഇസ്രയേല്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ഇസ്രയേലി നഗരങ്ങളില്‍ ഇറാൻ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. മധ്യ, തെക്കൻ ഇസ്രയേലിലെ നാല് സ്ഥലങ്ങളില്‍ ഇറേനിയൻ മിസൈലുകള്‍ പതിച്ചു. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി.
റമാത് ഗാനിലുള്ള ആശുപത്രി സമുച്ചയത്തിനു നേരെയും ഇറാന്‍റെ മിസൈല്‍ ആക്രമണമുണ്ടായി. ആശുപത്രിയില്‍ നിന്ന് മാറാൻ ആളുകള്‍ക്ക് ഇസ്രേലി പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ 28 പേർക്കാണ് പരിക്കേറ്റത്.
Post a Comment