മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ കൂടി മരിച്ചു, ഒരാളെ കാണാതായി; നിരവധി പേര്‍ക്ക് പരുക്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയില്‍ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയില്‍ കടലില്‍ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കില്‍പ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്.കണ്ണൂർ കൊട്ടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് തീർഥാടകനെ കാണാതായി.
ഇന്നലെ കനത്ത മഴയ്ക്കിടെ കടലില്‍ കാണാതായ ആലപ്പുഴ സ്വദേശി ഡോണിൻ്റെ (15) മൃതദേഹം ഇന്ന് രാവിലെ കരക്കടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ കാസർകോട് പുത്തിഗെ കൊക്കച്ചാലില്‍ ഒഴുക്കില്‍പ്പെട്ട സാദത്തിന്റെ മകൻ സുല്‍ത്താനാണ് മരിച്ച രണ്ടാമത്തെയാള്‍. പാലക്കാട് മണ്ണാർക്കാട് മണലടിയില്‍ സ്വദേശി പാത്തുമ്മബി (80)യാണ് രാവിലെ 10:30യോടെ കനത്ത മഴയില്‍ വീട് തകർന്ന് വീണ് മരിച്ചത്.
കാസർകോട് കുമ്ബളയില്‍ കെട്ടിടത്തിന്‍റെ ഇരുമ്ബ് മേല്‍ക്കൂര ശക്തമായ കാറ്റില്‍ തക‍ർന്ന് റോഡിലേക്ക് വീണു. പത്തനംതിട്ടയില്‍ മരം വീടിന് മുകളില്‍ വീണ് ഗൃഹനാഥന് പരിക്കേറ്റു. മലയോര മേഖലകളില്‍ മഴ തുടരുകയാണ്. അഞ്ച് വടക്കൻ ജില്ലകളില്‍ റെഡ് അലർട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറയില്‍ ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മണ്ണാർക്കാട് സ്വദേശികളായ മരക്കാർ, പേരമകള്‍ ഇഷ മറിയം എന്നിവർക്ക് പരുക്കേറ്റു. രണ്ട് പേരുടെയും നില ഗുരുതരമല്ല.

Post a Comment

Previous Post Next Post