രണ്ടുദിവസത്തെ കുതിപ്പിനു ശേഷം താഴെവീണ് സ്വര്‍ണം; 74,000 രൂപയില്‍ താഴെ


കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ കുതിപ്പിനു ശേഷം താഴെവീണ് സ്വർണവില. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,210 രൂപയിലും പവന് 73,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില 45 രൂപ കുറഞ്ഞ് 7,555 രൂപയിലെത്തി.

തുടർ‌ച്ചയായ രണ്ടുദിവസത്തെ ഇടിവിനു ശേഷം ബുധനാഴ്ച മുതലാണ് സ്വർണവില വീണ്ടും ഉയർന്നത്. പവന് 400 രൂപയാണ് ബുധനാഴ്ച വർധിച്ചത്. തുടർന്ന് വ്യാഴാഴ്ച 120 രൂപയും ഉയർന്നു. രണ്ടുദിവസം കൊണ്ട് 520 രൂപ വർധിച്ച ശേഷമാണ് ഇന്ന് താഴേക്കു പോയത്.

ഈ മാസം 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്ച 840 രൂപയുമാണ് കുറഞ്ഞത്.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച്‌ വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇറാൻ-ഇസ്രയേല്‍ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവാരം രാജ്യാന്തരവില കുതിച്ചുയർന്നതോടെയാണ് കേരളത്തില്‍ കഴിഞ്ഞയാഴ്ച സ്വർണവില സർവകാല റിക്കാർഡിലെത്തിയത്. എന്നാല്‍ നിലവി‍ല്‍ രാജ്യാന്തരവില ഔണ്‍സിന് 3,373 ഡോളറില്‍ നിന്ന് 3,346 ഡോളർ വരെയെത്തി.

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 118 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post