ഒരു മാറ്റവുമില്ല! സ്വര്‍ണവില മുകളിലേക്കു തന്നെ; 73,000 കടന്നു


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,130 രൂപയിലും പവന് 73,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 7,490 രൂപയിലെത്തി.

ഒരുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻവില വീണ്ടും 73,000 രൂപ കടക്കുന്നത്. ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ മാസാവസാന ദിനമായ ശനിയാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച മുതല്‍ വില കൂടാൻ തുടങ്ങിയത്. തിങ്കളാഴ്ച രണ്ടുതവണയായി ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കൂടിയിരുന്നു. പവന് രാവിലെ 240 രൂപയും ഉച്ചയ്ക്ക് 880 രൂപയുമാണ് വർധിച്ചത്. പിന്നാലെ, ചൊവ്വാഴ്ച പവന് 160 രൂപയും ബുധനാഴ്ച പവന് 80 രൂപയും വർധിച്ചു. ജൂണില്‍ ഇതുവരെ പവന് 1,680 രൂപയും ഗ്രാമിന് 210 രൂപയും കൂടിയിട്ടുണ്ട്.

ഏപ്രില്‍ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. തുടർന്ന് സ്വർണവില താഴേക്കിറങ്ങുകയായിരുന്നു.

മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച്‌ വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ചാഞ്ചാട്ടം.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔണ്‍സിന് 3,367 ഡോളറില്‍ നിന്ന് 3,382 ഡോളറില്‍ എത്തിയത് കേരളത്തിലും സ്വർണവില കൂടാനിടയാക്കി.

അതേസമയം, വെള്ളിക്ക് ഗ്രാമിന് നാലു രൂപ ഉയർന്ന് 113 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post