മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ സാമ്ബത്തിക വർഷം യാത്രക്കാരുടെ എണ്ണം 27 ശതമാനം വർധിച്ചു.13.4 ലക്ഷം യാത്രക്കാരാണ് 2024-25 വർഷം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 11,430 വിമാന സർവീസുകളാണ് നടത്തിയത്. അന്താരാഷ്‌ട്ര സർവീസുകളുടെ എണ്ണത്തില്‍ 32 ശതമാനവും ചരക്കുനീക്കത്തില്‍ 25 ശതമാനവും വർധനയുണ്ടായി.
4150 ടണ്‍ ചരക്കുനീക്കം നടന്നു. 195 കോടി രൂപയുടെ വരുമാനമാണ് 2024-25 വർഷത്തില്‍ കിയാലിനുണ്ടായത്. മുൻവർഷത്തേക്കാള്‍ വരുമാനത്തില്‍ 93 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തി. 101 കോടി രൂപയായിരുന്നു 2023-24 വർഷത്തെ വരുമാനം. പുതിയ സാമ്ബത്തിക വർഷവും യാത്രക്കാരുടെ എണ്ണത്തില്‍ മികച്ച വളർച്ചയുണ്ട്. ഏപ്രിലില്‍ 1.38 ലക്ഷം പേരും മേയില്‍ 1.48 ലക്ഷം പേരും കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു. ഏപ്രിലില്‍ മുൻവർഷത്തെക്കാള്‍ 39 ശതമാനത്തിന്‍റെ വർധന യാത്രക്കാരുടെ എണ്ണത്തിലുണ്ടായി.
ഏപ്രിലില്‍ 20 കോടിയും മേയില്‍ 21 കോടിയും വരുമാനവും കിയാല്‍ നേടി. ഈ സാമ്ബത്തിക വർഷം 20 ലക്ഷം യാത്രക്കാരും 250 കോടി രൂപ വരുമാനവുമാണ് കിയാല്‍ ലക്ഷ്യം വയ്ക്കുന്നത്. നിരവധി പുതിയ സർവീസുകള്‍ ഒരു വർഷത്തിനിടെ കണ്ണൂരില്‍ തുടങ്ങി. ഇൻഡിഗോ എയർലൈൻസ് ഡല്‍ഹി, ഫുജൈറ, മസ്‌ക്കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സർവീസുകള്‍ തുടങ്ങി. എയർഇന്ത്യ എക്‌സ്പ്രസ് മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സർവീസുകള്‍ തുടങ്ങി.
കൂടുതല്‍ സർവീസുകള്‍ തുടങ്ങുന്നതിന് ആകാശ എയർ, സ്‌പൈസ് ജെറ്റ്, എയർകേരള, അല്‍ഹിന്ദ് എയർ, സ്പിരിറ്റ് എയർ തുടങ്ങിയ കമ്ബനികളുമായി ചർച്ചകള്‍ പുരോഗമിക്കുന്നതായി കിയാല്‍ അധികൃതർ അറിയിച്ചു.
എയർപോർട്സ് കൗണ്‍സില്‍ ഇന്‍റർനാഷണല്‍ 2024 ല്‍ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയില്‍ എഷ്യാ-പസഫിക് മേഖലയിലെ മികച്ച വിമാനത്താവളമായി കണ്ണൂർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടു മില്യണ്‍ യാത്രക്കാരില്‍ കുറവുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് കിയാലിന്‍റെ നേട്ടം. വിമാനത്താവളത്തില്‍ സ്ഥാപിക്കുന്ന നാലു മെഗാവാട്ടിന്‍റെ സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയോടെ നടക്കും.
ഇതോടൊപ്പം ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സ്റ്റേഷൻ തുടങ്ങാനും പദ്ധതിയുണ്ട്. 59,000 ടണ്‍ സംഭരണശേഷിയുള്ള പുതിയ കാർഗോ ടെർമിനലും വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.
Post a Comment