കണ്ണൂർ: കേരളത്തില്‍ ഒരു വർഷം 529.06 കോടി കോഴിമുട്ടകള്‍ വേണമെന്ന് കണക്കുകള്‍. എന്നാല്‍ 218.18 കോടി കോഴിമുട്ടകള്‍ മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്.
ബാക്കി വരുന്ന 310.88 കോടി മുട്ടയും ഇറക്കുമതി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്ന്. 40 കോടി താറാവ് മുട്ടകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഇതിലൂടെ പ്രതിവർഷം 1500 കോടി രൂപയാണ് അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്.
നാട്ടില്‍ മുട്ടക്കോഴി വളർത്തല്‍ കൂടിയിട്ടുണ്ടെങ്കിലും ഉത്പാദനച്ചെലവ് കൂടുതലായതിനാല്‍ ലാഭകരമല്ലാത്തതാണ് അന്യസംസ്ഥാനങ്ങളെ കൂടുതലായും ആശ്രയിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍ നാടൻ മുട്ടയ്ക്ക് വിലയും കൂടി വരുന്നുണ്ട്. അതുകൊണ്ട് വില കുറവുള്ള അന്യസംസ്ഥാന മുട്ടകള്‍ക്ക് ഡിമാൻഡ് ഏറെ കൂടുതലാണ്. ഹോട്ടലുകളിലടക്കം കൂടുതലും ഉപയോഗിക്കുന്നത് ഈ മുട്ടയാണ്. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നാണ് ഏറ്റവുമധികം എത്തുന്നത്. കർണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നും മുട്ടകള്‍ എത്തുന്നുണ്ട്.
മുട്ടക്കോഴി വളർത്തലിനായി നിരവധി പദ്ധതികള്‍ സംസ്ഥാനം നടപ്പിലാക്കിയെങ്കിലും കോഴിത്തീറ്റയുടെ വില വർദ്ധനയാണ് തടസം. ഉത്പാദനച്ചെലവ് കൂടുതലായതിനാല്‍ ലാഭമില്ലെന്നും കർഷകർ പറയുന്നു. മുട്ട ശേഖരിച്ച് വിപണനം ചെയ്യുന്നതിന് സർക്കാർ തലത്തില്‍ സംവിധാനമില്ലാത്തതും മറ്റൊരു തിരിച്ചടിയാണ്. മുട്ട കൂടുതലുണ്ടെങ്കില്‍ പോലും പ്രാദേശിക വിപണികളില്‍ കർഷകർക്ക് വിറ്റുതീർക്കാനാവുന്നില്ല.
തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴിമുട്ടയ്ക്ക് 5 രൂപയാണ് വില. നാടൻ മുട്ടയ്ക്ക് 8 മുതല്‍ 10 രൂപയാണ് വില. പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന മുട്ടയ്ക്ക് നിശ്ചിതവില നല്‍കി താലൂക്ക് അടിസ്ഥാനത്തില്‍ കെപ്കോ വഴി സംഭരിക്കണം എന്നാണ് കർഷകരുടെ ആവശ്യം
Post a Comment