കട്ടപ്പന: ലിഫ്റ്റിൻ്റെ തകരാറിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് സ്വര്‍ണക്കടയുടമ സണ്ണി ജോസഫ് മരിച്ച സംഭവത്തില്‍ സാങ്കേതികജ്ഞാനമില്ലാത്തവര്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണമായതെന്ന് പ്രാഥമിക നിഗമനം. തകരാറിലായ ലിഫ്റ്റ് ശരിയാക്കാന്‍ ടെക്‌നീഷ്യനെ ഫോണില്‍ വിളിച്ച് നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പവിത്ര ഗോള്‍ഡ് എംഡി സണ്ണി ഫ്രാന്‍സിസ് ലിഫ്റ്റില്‍ കുടുങ്ങുന്നത്. മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വരുന്നതിനിടയിലാണ് ലിഫ്റ്റ് കുടുങ്ങിയത്. വിവരം അറിഞ്ഞ സ്ഥാപനത്തിലെ ജീവനക്കാര്‍ ടെക്‌നീഷ്യനെ വീഡിയോ കോള്‍ ചെയ്ത് നിര്‍ദേശത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് തെറ്റായ സിഗ്നല്‍ ലഭിച്ച ലിഫ്റ്റ് മുകളിലേക്ക് അതിവേഗം പോയി ഇടിച്ച് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടം വരെ കുലുങ്ങിയെന്നാണ് വിവരം.
പിന്നാലെ അഗ്നിരക്ഷാ സേനയെത്തി ലിഫ്റ്റ് തുറക്കുകയായിരുന്നു. ലിഫ്റ്റില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച രീതിയിലാണ് സണ്ണി ഫ്രാൻസിസ് കിടന്നത്. ലിഫ്റ്റ് മുകളില്‍ പോയി ഇടിച്ച ആഘാതത്തിലാണ് സണ്ണിയുടെ തലയ്ക്ക് പരിക്കേറ്റത്. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം വെള്ളിയാഴ്ച കട്ടപ്പന സെയ്ന്‍റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും.
Post a Comment