കുരുന്നുജീവനുകളുടെ കാര്യമാണ്; സ്കൂള്‍ ബസ് പരിശോധന കടുക്കും


കണ്ണൂർ: മദ്ധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ ബസുകളുടെ പരിശോധന കർശനമാക്കാൻ ഒരുങ്ങി ഗതാഗതവകുപ്പ്.
കണ്ണൂർ ജില്ലയിലെ സ്കൂള്‍ ബസ്സുകളെല്ലാം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിക്കും. ജനുവരിയില്‍ തളിപ്പറമ്ബ് വളക്കൈയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് പതിനൊന്നു വയസുകാരിയായ വിദ്യാർത്ഥിനി മരിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കുറി ജില്ലയില്‍ പരിശോധന കർശനമാക്കാൻ തീരുമാനമെടുത്തത്.
ബസ്സുകളുടെ ഫിറ്റ്നസ്, കാലപഴക്കം, ബ്രേക്ക്, ടയർ, ഹെഡ് ലൈറ്റ്, വൈപ്പർ തുടങ്ങി മെക്കാനിക്കല്‍ ഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനങ്ങളില്‍ സ്പീഡ് ഗവർണറുകളും വിദ്യാ വാഹൻ ആപ്പുകളും സജ്ജമാണോയെന്നും പരിശോധിക്കും ഫസ്റ്റ് എയിഡുകള്‍, എമർജൻസി എക്സിറ്റുകള്‍, തീ ഉണ്ടായാല്‍ അണക്കാനുള്ള സംവിധാനങ്ങള്‍ എന്നിവ ബസുകളിലുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. വാഹനങ്ങളില്‍ ജി.പി.എസ് നിർബന്ധമാക്കിയിട്ടുണ്ട്. പോരായ്മകള്‍ കണ്ടെത്തിയാല്‍ പരിഹരിച്ചതിന് ശേഷം വീണ്ടും വാഹനം ഹാജരാക്കാൻ നിർദ്ദേശം നല്‍കും .ഇതിന് ശേഷം മാത്രമേ വിദ്യാർത്ഥികളെ കയറ്റാനുള്ള അനുമതി നല്‍കുകയുള്ളു. ബസുകളില്‍ മൂന്ന് ക്യാമറകള്‍ വേണമെന്ന നിർദ്ദേശമുണ്ടെങ്കിലും ഈ ഉത്തരവ് നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാല്‍ ഒരു ക്യാമറ നിർബന്ധമായും ഉണ്ടെന്ന് ഉറപ്പുവരുത്തും.

Post a Comment

Previous Post Next Post