സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരില്‍ പുതിയ തട്ടിപ്പ്

ഇരിട്ടി: സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരില്‍ പുതിയ തട്ടിപ്പുമായി സൈബർ ക്രിമിനലുകള്‍. പ്രധാനമന്ത്രിയുടെ ചിത്രത്തിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്നു കാണിച്ചാണ് തട്ടിപ്പുകാർ രംഗത്തു വന്നിരിക്കുന്നത്.താമരയില്‍ വിരല്‍ അമർത്തിയാല്‍ ഉടൻ തന്നെ നിങ്ങള്‍ 5000 രൂപ വിജയിച്ചതായി മെസേജ് വരും. പിന്നീട് നിങ്ങളുടെ ഫോണ്‍ നമ്ബർ ആവശ്യപ്പെടും. ഇവിടെ മുതലാണ് ചതിക്കുഴിയുടെ ആരംഭം . ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാൻ ആദ്യം നിങ്ങളുടെ ഫോണ്‍ നമ്ബറിലേക്ക് ഒരു വണ്‍ ടൈം പാസ്‌വേഡ് വരും. പാസ്‌വേഡ് കൊടുത്താല്‍ ഒരുപക്ഷേ നിങ്ങളുടെ അക്കൗണ്ടിലെ പണം ഇവിടെ വച്ച്‌ നഷ്ടപ്പെട്ടേക്കാം. ഇന്നലെയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് സോഷ്യല്‍ മീഡിയ പ്ലാറ്റഫോമില്‍ നിന്ന് അപ്രത്യക്ഷമായി.

ഇത്തരത്തില്‍ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും മുൻ പ്രസിഡന്‍റ് എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെയും പേരില്‍ സ്കോളർഷിപ്പുകള്‍ നല്‍കുന്നു എന്നപേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. 5000 രൂപ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌ ഇന്നലെ ഒറ്റദിവസം കൊണ്ട് എത്ര കോടി രൂപയുടെ കബളിപ്പിക്കല്‍ നടന്നുവെന്നും ആരാണ് പിന്നിലെ പ്രതികള്‍ എന്നും കണ്ടെത്താൻ യാതൊരു സാധ്യതകളും ഇല്ലെന്നുമാണ് ലഭിക്കുന്ന സൂചന. ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം എന്നാണ് പോലീസ് അറിയിക്കുന്നത്.

Post a Comment

Previous Post Next Post