തളിപ്പറമ്പിൽ സംഘര്‍ഷം: ദേശീയപാത നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം അക്രമാസക്തമായി

തളിപ്പറമ്പ് : തളിപ്പറമ്പ് കുപ്പത്തെയും പരിയാരത്തെയും ദേശീയപാതാ നിർമ്മാണത്തിലെ അശാസ്ത്രീയതയും ക്രമക്കേടും ആരോപിച്ച്‌ കരാർ കമ്ബനിയായ മേഘ കണ്‍സ്ട്രക്ഷൻ കമ്ബനിയുടെ വിളയാങ്കോട്ടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച്‌ അക്രമാസക്തമായി.

അൻപതോളം പ്രവർത്തകർ ഓഫീസിനകത്തേക്ക് തള്ളിക്കയറി ഓഫീസ് ഉപകരണങ്ങളും കമ്ബ്യൂട്ടറുകളും ചില്ലുകളും തല്ലിത്തകർത്തു. സംഭവം വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു.
സ്ഥലത്തെത്തിയ പരിയാരം പോലീസ്, പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പല സ്ഥലങ്ങളിലും ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടുകള്‍ ആരോപിച്ചായിരുന്നു പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചത്. പിലാത്തറ ടൗണില്‍ ദേശീയപാതയുടെ ബൗണ്ടറി വാള്‍ അപകടാവസ്ഥയിലായത് നാട്ടുകാരില്‍ ഭീതിയുളവാക്കിയിരുന്നു.
കഴിഞ്ഞ ദിവസം തളിപ്പറമ്ബ് കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ റോഡിന്റെ മണ്‍ഭിത്തി ഇടിഞ്ഞുവീണ് വീടുകളില്‍ ചെളിവെള്ളം കയറിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാർ ബുധനാഴ്ച രണ്ടുതവണ റോഡ് ഉപരോധിക്കുകയും വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
ആർ.ഡി.ഒയുമായി നടത്തിയ ചർച്ചയില്‍ സമരം താല്‍ക്കാലികമായി നിർത്തിവച്ചെങ്കിലും, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ 27-ന് സമരം പുനരാരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് സംഘർഷമുണ്ടായത്. നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് കരാർ കമ്ബനി അധികൃതർ ബുധനാഴ്ച ആർ.ഡി.ഒയെ അറിയിച്ചിരുന്നു. ഇതിനു ശേഷമാണ് അക്രമം നടന്നത്.

Post a Comment

Previous Post Next Post