ദിവ്യകാരുണ്യ അദ്ഭുതം: ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വിളക്കന്നൂർ ക്രിസ്തുരാജാ പള്ളിയിൽ


ആലക്കോട് ∙ തിരുവോസ്തിയിൽ പതിഞ്ഞ ക്രിസ്തുവിന്റെ മുഖം ദിവ്യകാരുണ്യ അടയാളമെന്ന് വത്തിക്കാൻ സ്ഥിരീകരണം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ.ലെയോ പോൾദോ ജിറെല്ലി നിർവഹിക്കും. തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായമെത്രാൻ ഡോ.ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം, മുൻ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം എന്നിവർ പങ്കെടുക്കും.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.45ന് ഒടുവള്ളിത്തട്ടിൽ തിരുവോസ്‌തിക്ക് സ്വീകരണം നൽകും. തുടർന്ന്, വാഹനങ്ങളുടെ അകമ്പടിയോടെ വിളക്കന്നൂരിലേക്കു നീങ്ങും. രണ്ടിനു വിളക്കന്നൂർ ടൗണിൽ സ്വീകരണം. തുടർന്ന്, പ്രത്യേകം ഒരുക്കിയിരിക്കുന്ന പന്തലിലേക്കു പ്രദക്ഷിണമായി തിരുവോസ്തി സംവഹിക്കും. തുടർന്ന് പ്രഖ്യാപനവും പ്രതിഷ്ഠയും. മലയാളത്തിലുള്ള ഡിക്രി അതിരൂപത ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ വായിക്കും.ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ.മാത്യു വേങ്ങക്കുന്നേൽ നേതൃത്വം നൽകും. തുടർന്ന് 3.15ന് സമൂഹബലി. തിരുവോസ്തി എല്ലാവർക്കും കാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് തലശ്ശേരി അതിരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ആന്റണി മുതുകുന്നേൽ, ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ, പാസ്റ്ററൽ കോഓർഡിനേറ്റർ ഫാ.ഫിലിപ് കവിയിൽ, വിളക്കന്നൂർ ക്രിസ്‌തുരാജാ പള്ളി വികാരി ഫാ.തോമസ് കീഴാരത്തിൽ, കരയത്തുംചാൽ പള്ളി വികാരി ഫാ.ജോസഫ് ഓരത്തേൽ, ടോമി കണിവേലിൽ, ഇടവക കോഓർഡിനേറ്റർ സണ്ണി പോത്തനാംതടത്തിൽ എന്നിവർ അറിയിച്ചു.ചടങ്ങിൽ പതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുക്കും. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ക്രിസ്തുരാജ ദേവാലയത്തിൽ 2013 നവംബർ 15നു വികാരിയായിരുന്ന ഫാ.തോമസ് പതിക്കൽ അന്നു പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ തിരുവോസ്‌തിയിൽ ഈശോയുടെ തിരുമുഖം തെളിഞ്ഞത്.വിശ്വാസികൾ കാത്തിരുന്നു, 12 വർഷം
കണ്ണൂർ ∙ ക്രൈസ്തവർക്കിടയിൽ അടയാളങ്ങൾക്കും അദ്ഭുതങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. വിശദീകരിക്കാനാവാത്ത ഏതൊരു അടയാളവും അദ്ഭുതമാണെങ്കിലും ശാസ്ത്രീയമായ വിശകലനങ്ങൾക്കും പഠനങ്ങൾക്കും ശേഷം മാത്രമേ ക്രൈസ്തവസഭയിൽ സ്ഥിരീകരണം നൽകൂ. അതിനാലാണ്, വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി വിശ്വാസസമൂഹം 12 വർഷം കാത്തിരുന്നത്.2013 നവംബർ 15ന് അന്നത്തെ വികാരിയായിരുന്ന ഫാ.തോമസ് പതിക്കൽ അർപ്പിച്ച ദിവ്യബലി മധ്യേയാണ് തിരുവോസ്തിയിൽ ഈശോയുടെ മുഖം തെളിഞ്ഞത്. തൊട്ടടുത്ത ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾ പള്ളിയിലെത്തി. തുടർന്ന്, അന്നത്തെ ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റത്തിന്റെ നിർദേശപ്രകാരം നവംബർ 17ന് തിരുവോസ്തി തലശ്ശേരി ബിഷപ്സ് ഹൗസിലേക്ക് കൊണ്ടുപോയി.തിരുവോസ്തിയിലെ ഛായാചിത്രത്തിൽ പുറമേനിന്നുള്ള ഏതെങ്കിലും പദാർഥത്തിന്റെ സ്വാധീനമുണ്ടോ എന്നു മനസ്സിലാക്കാൻ കഴിയുന്ന ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപി അനാലിസിസ്, ഹൈ പെർഫോമൻസ് ലിക്വിഡ് ക്രോമാറ്റോഗ്രഫി, മാസ് സ്പെക്ടോമെട്രി എന്നീ പരീക്ഷണങ്ങൾക്കുള്ള സൗകര്യം ഇന്ത്യയിൽ ഉള്ളതുകൊണ്ടാണ് റോമിലേക്ക് അയച്ച തിരുവോസ്‌തി വീണ്ടും ഇന്ത്യയിലേക്കെത്തിച്ചത്.
ഡോ.ജ്യോതിസ്സ് ദേവസ്യ (റിസർച് വിങ് കോമൺ ഇൻസ്ട്രുമെന്റേഷൻ ലാബ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി), ഡോ.ജോബി സേവ്യർ (ലൈഫ് സയൻസ് ആൻഡ് കെമിസ്ട്രി വകുപ്പ് മേധാവി, ക്രൈസ്റ്റ് യണിവേഴ്‌സിറ്റി), ഡോ.പി.ടി.വർഗീസ് (ഫൊറൻസിക് ഡിപ്പാർട്മെന്റ് മേധാവി, സെന്റ് ജോൺസ് മെഡിക്കൽ കോളജ്, ബെംഗളൂരു) എന്നിവരടങ്ങിയ ശാസ്ത്രസമിതിയും ഫാ.ഡോ. ജോർജ് കരോട്ട്, ഡോ.സെബാസ്റ്റ്യൻ ചക്കാലക്കൽ എന്നീ ദൈവശാസ്ത്രഞ്ജരുമുൾപ്പെട്ട സമിതിയും തിരുവോസ്‌തിയിലെ അദ്ഭുതപ്രതിഭാസത്തെക്കുറിച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. തുടർന്നാണു വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിച്ചത്.

Post a Comment

Previous Post Next Post