പാണപ്പുഴയില്‍ മഹാശിലായുഗത്തിന്‍റെ തെളിവുകളായ മുനിയറകള്‍ കണ്ടെത്തി


പരിയാരം: പാണപ്പുഴയില്‍ മഹാശിലായുഗ സംസ്കൃതിയുടെ ചരിത്രാവശേഷിപ്പുകളായ മുനിയറകള്‍ കണ്ടെത്തി. പാണപ്പുഴ ഏഴുംവയലിലാണ് മുനിയറകള്‍, ചെങ്കല്ലറകള്‍, കല്‍വൃത്തങ്ങള്‍, അത്യപൂർവമായ കന്മഴു, ചതുരക്കിണർ എന്നിവ കണ്ടെത്തിയത്.
ഇതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ നേരത്തെ കണ്ടെത്തിയ മഹാശിലായുഗ സംസ്കൃതി പാണപ്പുഴയിലുമുണ്ടായിരുന്നുവെന്നതിന്‍റെ തെളിവാണിതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ആറു മുനിയറകളാണ് കണ്ടെത്തിയത്. ഇവ മറ്റിടങ്ങളില്‍ കാണാത്ത വിധം ആർച്ച്‌ രൂപത്തില്‍ മനോഹരമായ കൊത്തുപണികളോട് കൂടിയതാണ്.

കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ തഞ്ചാവൂർ തമിഴ് യൂണിവേ്ഴ്സിറ്റി അസോസിയേറ്റ് പ്രഫസറും കെസിഎച്ച്‌ആർ എക്സിക്യുട്ടീവ് അംഗവുവുമായ ഡോ. പി. സെല്‍വകുമാർ, റിസർച്ച്‌ ഓഫീസർ ദിനീഷ് കൃഷ്ണൻ, പ്രോജക്‌ട് അസിസ്റ്റന്‍റ് മുബീർ ഷാ എന്നിവരടങ്ങിയ പുരാവസ്തുഗവേഷക സംഘം നടത്തിയ പര്യവേഷണത്തിലാണ് മഹാശിലായുഗ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. കേരളത്തിലെ മഹാശിലാസ്മാരകങ്ങളില്‍നിന്ന് അപൂർവമായി മാത്രം ലഭിച്ചിട്ടുള്ള പരുക്കൻകൻ മഴു നവീന ശിലായുഗ കാലത്തിന് മുന്നേയുള്ളതാകാമെന്ന് പ്രഫ. സെല്‍വകുമാർ പറഞ്ഞു.

കല്‍വൃത്തത്തോടുകൂടിയ ചെങ്കല്ലറകള്‍ക്കകത്ത് ഒന്നില്‍ കൂടുതല്‍ അറകളും മണ്‍പാത്രങ്ങളുള്‍പ്പെടെയുള്ള ഉപകരണങ്ങളും ഇരുമ്ബായുധങ്ങളുള്‍പ്പെടെയുള്ള മഹാശില കാലഘട്ടത്തിലെ നിർമിതികളുണ്ടാകാമെന്നും പര്യവേഷണം കെസിഎച്ച്‌ആർ ഡയറക്ടർ ഡോ. ദിനേശൻ വടക്കിനിയില്‍ പറഞ്ഞു. പാണപ്പുഴ പ്രദേശത്ത് നേരത്തെ ചില ചെങ്കല്ലറകളും പ്രാചീന പ്രകൃതിദത്ത മനുഷ്യാധിവാസ ഗുഹകളും കണ്ടെത്തിയിരുന്നുവെങ്കിലും ആദ്യമായാണ് പുരാവസ്തു വിഭാഗം പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post