പഠന സമ്മര്‍ദം; കര്‍ണാടകയില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍


ബംഗളൂരു: കര്‍ണാടകയില്‍ എഞ്ചിനിയറിംഗ് വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍. കുടക് ജില്ലയിലാണ് സംഭവം. 19കാരിയായ തേജസ്വിനിയെ ഹോസ്റ്റല്‍ മുറിയിലാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എഞ്ചിനിയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാർഥിനിയായിരുന്നു തേജസ്വിനി.

പഠന സമ്മര്‍ദം മൂലമാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയുളള വിദ്യാർഥിനിയുടെ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങള്‍ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു.

കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ ഏക മകളാണ് തേജസ്വിനി. മൂന്നുദിവസം മുന്‍പ് തേജസ്വിനി തന്‍റെ 19-ാം ജന്മദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ചിരുന്നു.

അന്ന് ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് വൈകുന്നേരം നാലോടെയാണ് തേജസ്വിനി ഹോസ്റ്റലിലേക്ക് പോയത്.

Post a Comment

Previous Post Next Post