എറണാകുളത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ട വീണ് യുവതിക്ക് ദാരുണാന്ത്യം


തിരുവനന്തപുരം : സംസ്ഥാനത്തെ മഴക്കെടുതിയില്‍ വീണ്ടും ഒരു മരണം. ശക്തമായ മഴയിലും കാറ്റിലും നിർമാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട വീണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി മരിച്ചു.വടക്കേക്കര സത്താർ ഐലൻ്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാൻ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോണ്‍ക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അങ്കമാലിയിലെ ആശുപത്രിയില്‍ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്‌ മരണം സ്ഥിരീകരിച്ചത്. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പിലേക്ക് പോയിരുന്നത് എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ മഴക്കെടുതിയില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്.

അതേസമയം, മഴ കനത്തതോടെ എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ശക്തമായ കാറ്റിലും മഴയിലും കണ്ണമാലി, നായരമ്ബലം ഭാഗത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകർന്നുവീണു . കാറ്റിനും മഴയ്ക്കും ഒപ്പം കടലാക്രമണവും രൂക്ഷമായതോടെ ദുരിതത്തില്‍ ആയിരിക്കുകയാണ് തീരദേശവാസികള്‍ .
തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ മണിക്കൂറുകളായി വൈദ്യുത ബന്ധവും താറുമാറായി. റെയില്‍ പാതയില്‍ മരവും വൈദ്യുതി തൂണുകളും ഒടിഞ്ഞു വീണ് റെയില്‍ ഗതാഗതവും സ്തംഭിച്ചു. അഗ്നിരക്ഷാസേനയുടെ തിരുവനന്തപുരം നിലയത്തില്‍ മാത്രം ഇന്നലെ 77 അപകടങ്ങള്‍ വന്നെന്നാണ് കണക്ക്.

Post a Comment

Previous Post Next Post