യുഎഇയില്‍ 50 ഡിഗ്രി കടന്ന് താപനില; മേയില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്


അബുദാബി: യുഎഇയില്‍ താപനില 50 ഡിഗ്രി കടന്നു. ഇന്നലെ അബുദാബി ഷവാമെഖില്‍ ഉച്ചയ്ക്ക് 2.30 ന് 50.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.
22 വർഷത്തിനിടെ മേയില്‍ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.സാധാരണ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുന്നത്. ഇതിനു മുൻപ് മേയ് മാസത്തില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 2009ലാണ്. അന്ന് 50.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ 42.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ശരാശരി താപനില.
2017ലാണ് ഇതിന് മുൻപ് ഏപ്രിലില്‍ ശരാശരി താപനില 42.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ പരുത്തി വസ്ത്രം ധരിക്കുകയും വേണം. പുറത്തിറങ്ങുന്നവർ സണ്‍ഗ്ലാസ് ധരിക്കുകയും സണ്‍സ്ക്രീൻ പുരട്ടുകയും വേണമെന്നും നിർദേശിച്ചു.
അതേസമയം ഇത്തവണ മഴ കുറഞ്ഞതും ചൂടിന്റെ കാഠിന്യം കൂടാൻ കാരണമായി. പതിവില്‍ കവിഞ്ഞ ചൂടിനാണ് ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. കടുത്ത ചൂടില്‍ ജോലി ചെയ്യുന്നവരും വിനോദത്തിനായി പുറത്തു പോകുന്നവരും വാഹനം ഓടിക്കുന്നവരുമെല്ലാം അതീവ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post