പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട് 38-കാരന്റെ ഭാര്യവീടിനടുത്ത്; യുവാവിനെതിരേ പരാതി, പിന്നാലെ ആത്മഹത്യ

ഹരിപ്പാട്: പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന വീട്ടുകാരുടെ പരാതി പോലീസ് അന്വേഷിക്കുന്നതിനിടെ യുവാവും പ്ലസ്ടു വിദ്യാർഥിനിയും തീവണ്ടിക്കു ചാടി മരിച്ചു.ചെറുതന കനോലില്‍ ശ്രീജിത്ത് (38), ഹരിപ്പാട് നഗരസഭാപരിധിയില്‍ താമസിക്കുന്ന പതിനേഴുകാരി എന്നിവരാണു മരിച്ചത്. കരുവാറ്റ റെയില്‍വേസ്റ്റേഷനില്‍ ബുധനാഴ്ച 11.45-നാണ് സംഭവം.
ശ്രീജിത്തിന്റെ ഭാര്യാ വീടിനടുത്താണ് പെണ്‍കുട്ടി താമസിക്കുന്നത്. ഇയാള്‍ മകളെ ശല്യപ്പെടുത്തുന്നതായി ആരോപിച്ച്‌ വീട്ടുകാർ തിങ്കളാഴ്ച ഹരിപ്പാട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച പോലീസ് ശ്രീജിത്തിന്റെ വീട്ടിലെത്തി. ശ്രീജിത്ത് ഉണ്ടായിരുന്നില്ല. ബുധനാഴ്ച സ്റ്റേഷനില്‍ ഹാജരാകാൻ വീട്ടുകാരെ അറിയിച്ചാണു മടങ്ങിയത്. ഇതനുസരിച്ച്‌ ബുധനാഴ്ച സ്റ്റേഷനിലെത്തേണ്ടതായിരുന്നു.
ശ്രീജിത്തും പെണ്‍കുട്ടിയും ബൈക്കിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. രാവിലെയും വൈകുന്നേരവും മാത്രം തീവണ്ടി നിർത്തുന്ന സ്റ്റേഷനാണ്. ഉച്ചയ്ക്ക് സ്റ്റേഷൻപരിസരത്ത് ആളുണ്ടാകില്ലെന്നറിഞ്ഞാണ് ആത്മഹത്യക്ക് ഇവിടം തിരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു.
കൊച്ചുവേളി-അമൃത്സർ എക്സ്പ്രസിനു മുന്നിലേക്കാണ് ഇരുവരും ചാടിയത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അരമണിക്കൂറോളം തീരദേശപാതയിലെ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു.ശ്രീജിത്ത് ഭാര്യയുമായി അകന്നുകഴിയുകയാണ്. ഇയാളും പെണ്‍കുട്ടിയും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടുകാർ വിലക്കിയെങ്കിലും സംസാരം തുടർന്നു. ഇതിനാലാണ് പോലീസില്‍ പരാതിപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് താക്കീതു നല്‍കാനാണ് ഇയാളോട് സ്റ്റേഷനിലെത്താൻ പറഞ്ഞതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471 2552056)

Post a Comment

Previous Post Next Post