തിരുവനന്തപുരം: പാലോട് കെഎസ്‌ആർടിസി ഡിപ്പോയിലെ ബ്രെത്തലൈസർ വിവാദത്തില്‍ ഡ്രൈവർ ജയപ്രകാശ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
കെഎസ്‌ആർടിസി മെഡിക്കല്‍ ഓഫീസറുടെ പരിശോധനയിലാണ് ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ബ്രെത്തലൈസർ ഉപയോഗിച്ചുള്ള പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ജയപ്രകാശിനെ (52) ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിർത്തിയത്.
എന്നാല്‍ താൻ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ല എന്നായിരുന്നു ജയപ്രകാശിന്റെ വാദം. പാലോട്-പേരയം റൂട്ടിലെ ഡ്രൈവറാണ് പച്ചമല സ്വദേശിയായ ജയപ്രകാശ്. രാവിലെ ബസ് ഓടിക്കാൻ വന്നപ്പോഴാണ് ബ്രെത്തലൈസർ ഉപയോഗിച്ച് ഊതിച്ചത്. മെഷീനില്‍ സിഗ്നല്‍ 16 കാണിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിർത്തി. പിന്നാലെ, താൻ ജീവിതത്തില്‍ ഇതുവരെയും മദ്യപിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയായി ഈ മെഷീൻ തകരാറിലാണ് എന്നും ജയപ്രകാശ് അധികൃതരെ അറിയിച്ചു.
വീണ്ടും ഊതാൻ അവസരം തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷൻ മാസ്റ്റർ അനുവദിക്കാഞ്ഞതോടെ ജയപ്രകാശ് കുടുംബവുമായി കെഎസ്‌ആർടിസി സ്റ്റാൻഡിലെത്തി ഉപവാസം തുടങ്ങി. മെഷീൻ തകരാറിലാണെന്നും തനിക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്താനുള്ള അനുമതി നല്‍കണമെന്നുമായിരുന്നു ജയപ്രകാശിന്റെ വാദം. സംഭവത്തില്‍ പാലോട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് കെഎസ്‌ആർടിസി മെഡിക്കല്‍ ഓഫീസർ ജയപ്രകാശിനെ പരിശോധിച്ചത്.
പരിശോധനയില്‍ ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം കഴിക്കുന്ന മരുന്നുകളുടെയടക്കം വിവരങ്ങള്‍ ഡോക്ടർമാർക്ക് നല്‍കിയിരുന്നു. ഈ മരുന്നുകളുടെ കൂടി പരിശോധനാ ഫലങ്ങള്‍ പരിഗണനയില്‍ എടുത്തുകൊണ്ടാണ് ജയപ്രകാശ് മദ്യപിച്ചിട്ടില്ല എന്ന നിഗമനത്തില്‍ കെഎസ്‌ആർടിസി എത്തിയത്. നാളെ മുതല്‍ ജയപ്രകാശിന് ജോലിയില്‍ പ്രവേശിക്കാം.
Post a Comment