ആലക്കോട്: നാലു വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ നൂറോളം വാഹനാപകടങ്ങള്‍ രണ്ടു പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി.
കാസര്‍കോഡു നന്ദാരപ്പടവില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം പാറശ്ശാലയില്‍ അവസാനിക്കുന്ന സംസ്‌ഥാന പാത 59 എന്ന മലയോര ഹൈവേയില്‍ കണ്ണൂര്‍ ജില്ലയില്‍ നടുവില്‍ പഞ്ചായത്തിലെ കരുവഞ്ചാലിനും നടുവില്‍ താവുന്ന് കവലക്കും ഇടയിലാണ് അപകടതുരുത്തായി മാറിയ താവുന്ന് വളവുകളുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ മുതല്‍ വള്ളിത്തോട് വരെയുള്ള ആദ്യ റീച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ലാണ് ഉദ്‌ഘാടനം ചെയ്‌തത്. പിന്നീട് കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നത്.ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയും വൈകിട്ടും രണ്ട് അപകടങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബാം?ൂരില്‍ നിന്നും ആലക്കോടേക്ക് പോവുകയായിരുന്ന പാര്‍സല്‍ ലോറി റോഡരികിലെ താഴ്‌ചയിലേക്ക് വീണതും, മറ്റൊരു സംഭവത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചതുമാണ് അപകടങ്ങള്‍. നടുവില്‍ താവുന്ന് കവലയില്‍ നിന്നും താവുന്ന് തോട് വരെയുള്ള ഒരു കിലോമീറ്റര്‍ റോഡ് കയറ്റവും ഇറക്കവും ഹെയര്‍പിന്‍ വളവുകള്‍ ഉള്‍പ്പെടെ അഞ്ചോളം വളവുകളുള്ളതും, റോഡരികുകള്‍ താഴ്‌ചയുള്ളതുമാണ് നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാവുന്നതിനു പ്രധാന കാരണം. കൊടും വളവുകള്‍ ഒഴിവാക്കാതെ അശാസ്‌ത്രീയമായി റോഡു നിര്‍മ്മിച്ചതും, അപകട മുന്നറിയിപ്പു സൂചനാ ബോര്‍ഡുകളും രാത്രിയില്‍ വെളിച്ചക്കുറവും മറ്റു കാരണങ്ങളാണ്. വേണ്ടത്ര തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ മറുനാടുകളില്‍ നിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് രാത്രിയില്‍ റോഡിലെ കൊടുംവളവുകള്‍ കാണാന്‍ സാധിക്കാതെ വാഹനങ്ങള്‍ റോഡരികിലെ താഴ്‌ചയിലേക്ക് മറിയുന്നത് പതിവാണ്. റോഡരികിലെ ക്രാഷ് ബാരിയറുകളും കോണ്‍ക്രീറ്റ്‌ഭിത്തികളും തകര്‍ന്നു കിടക്കുന്നത് നന്നാക്കായിട്ടില്ല. നിഗ്നല്‍ ലൈറ്റുകള്‍ കേടായി കിടക്കുന്നു. മരത്തിന്റെ ശിഖരങ്ങളും കാടും റോഡിലേക്കു തള്ളി നില്‍ക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്ബ് കരിങ്കല്‍ കയറ്റിയ ടിപ്പര്‍ ലോറി മറിഞ്ഞ് റോഡിലുപേക്ഷിച്ച കരിങ്കല്ലുകള്‍ നീക്കം ചെയ്‌തിട്ടില്ല.
അപകട വാര്‍ത്തകള്‍ തുടര്‍ക്കഥയായിട്ടും നിസ്സംഗത പാലിക്കുകയാണ് റോഡ് പൊതുമരാമത്ത് വകുപ്പധികൃതരെന്ന് നാട്ടുക്കാര്‍ പറയുന്നു. അപകടങ്ങള്‍ പതിവായ സ്‌ഥലം ജനവാസം കുറഞ്ഞ ഒറ്റപ്പെട്ട സ്‌ഥലമായതിനാല്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനു കാലതാമസം വരാറുണ്ടെന്നും സമീപ വാസികള്‍ പറയുന്നു. രാവെന്നും പകലെന്നുമില്ലാതെ അന്തര്‍ ജില്ലാ സംസ്‌ഥാന യാത്രയ്‌ക്കായി ആളുകള്‍ കൂടുതലായി മലയോര ഹൈവേയെ ആശ്രയിച്ചതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പതിന്മടങ്ങു വര്‍ധിച്ചിരിക്കയാണ്.
Post a Comment