കാസർഗോഡ് കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ പുരാതന കാലത്തെ മണ്‍പാത്രങ്ങളും അസ്ഥിയും കണ്ടെത്തി.
ബന്തടുക്ക മാണിമൂലയില്‍ നിന്നാണ് പുരാതന കാലത്തെ ശേഷിപ്പുകള്‍ കണ്ടെത്തിയത്.
ജലജീവൻ മിഷൻ പദ്ധതിയില്‍ വീടുകളിലേക്ക് കുടിവെള്ളമെത്തിക്കാൻ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് മണ്‍പാത്രങ്ങളും അസ്ഥിയും കണ്ടെത്തിയത്. പാത്രത്തില്‍ കഷണങ്ങളായ നിലയിലാണ് അസ്ഥിഭാഗങ്ങളുണ്ടായിരുന്നത്.
ബി.സി അഞ്ചാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനുമിടയിയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന നോർത്തേണ്‍ ബ്ലാക്ക് പോളിഷ്ഡ് ഇനത്തില്‍പ്പെട്ട മണ്‍പാത്രവും നാല് കാലുകള്‍ ഉള്ള അഞ്ച് മണ്‍പാത്രങ്ങളും, നന്നങ്ങാടിയുടേതെന്ന് കരുതുന്ന ഭീമൻ പാത്രത്തിൻ്റെ അടപ്പും, ഇരുമ്ബ് അവശിഷ്ടങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.
ചെങ്കല്ലറകളില്‍ നിന്ന് എല്ലിൻ കഷ്ണങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും മണ്‍പാത്ര അവശിഷ്ടങ്ങള്‍ക്കൊപ്പം നിരവധി അസ്ഥി ഭാഗങ്ങള്‍ ലഭിക്കുന്നത് അപൂർവ്വമാണെന്ന് സ്ഥലം സന്ദർശിച്ച ചരിത്രകാരൻ ഡോ. നന്ദകുമാർ കോറോത്ത് പറഞ്ഞു.
മണ്ണിനിടയില്‍ വലിയ ഭരണിയുടെ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കുന്നതാണ് മാണിമൂലയിലെ ചരിത്രശേഷിപ്പുകള്‍. ഇതിന് സമീപത്തായി തന്നെ മഹാശിലായുഗ കാലഘട്ടത്തിലെ ചെങ്കല്ലറയുമുണ്ട്.ചരിത്രാവശിഷ്ടങ്ങള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Post a Comment