തലശ്ശേരി: സ്വകാര്യ പാർക്കിങ് ഗ്രൗണ്ടില്‍ നിർത്തിയിട്ട കാറിന്റെ നാല് പുതിയ ടയറുകള്‍ മോഷണം പോയതായി പരാതി. മാഹി സ്വദേശി മുഹമ്മദ് റാസിന്‍റെ കാറിന്‍റെ ടയറുകളാണ് ജൂബിലി റോഡിലെ പാർക്കിങ്ങ് ഗ്രൗണ്ടില്‍നിന്ന് വിഷുദിനത്തില്‍ രാത്രി മോഷണം പോയത്.
മാഹിയില്‍നിന്ന് സുഹൃത്തിന്‍റെ കുടുംബത്തോടൊപ്പം തലശ്ശേരിയിലെ തിയറ്ററില്‍ എത്തിയതായിരുന്നു മാഹി പാറക്കല്‍ മനോത്ത് ഹൗസില്‍ മുഹമ്മദ് റാസിൻ. ജൂബിലി റോഡില്‍ ചന്ദ്രവിലാസ് ഹോട്ടലിന് സമീപത്തെ പാർക്കിങ് ഏരിയയില്‍ കാർ നിർത്തിയിശേഷം സിനിമ കാണാൻ പോയി. തിരിച്ചെത്തി കാറെടുക്കാൻ നോക്കിയപ്പോള്‍ കാറിന്‍റെ നാല് പുതിയ ടയറുകളും കാണാനില്ല.
പകരം മുൻവശത്ത് പഴഞ്ചൻ ടയറുകള്‍ ഘടിപ്പിച്ച നിലയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ മുഹമ്മദ് റാസിൻ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പിന്നീട് മറ്റൊരു വാഹനത്തില്‍ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. പാർക്കിങ് ഏരിയയില്‍ വെളിച്ചമോ നിരീക്ഷണ കാമറയോ ഉണ്ടായിരുന്നില്ല. നേരത്തേയും നിരവധി വാഹനങ്ങളുടെ ടയറുകളും മറ്റ് ഉപകരണങ്ങളും ഇവിടെനിന്ന് മോഷണം പോയതായി പരാതി ഉയർന്നിരുന്നു.
Post a Comment